കൊച്ചി > വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തുമ്പോൾ ആ സ്വപ്നത്തിനൊപ്പമാണ് ഇടതുപക്ഷവും സിപിഐഎമ്മും എക്കാലവും നിലയുറപ്പിച്ചിരുന്നത്. സിപിഐ എം പ്രതിപക്ഷത്തിരുന്നപ്പോൾ വിഴിഞ്ഞം തുറമുഖത്തെ എതിർത്തു എന്നും, ഇപ്പോൾ ഭരണത്തിൽ വന്നപ്പോൾ ഉത്സാഹം കാണിക്കുന്നു എന്ന് പറഞ്ഞ് എട്ടുകാലി മമ്മൂഞ്ഞുമാർ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഇരട്ടത്താപ്പ് അല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാല്‍ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ എന്നും വിഴിഞ്ഞത്തിനൊപ്പം നിന്നിട്ടുള്ളവർ ആണ് ഇടതുപക്ഷവും സിപിഐഎമ്മും.
വിഴിഞ്ഞം പദ്ധതിയുടെ നാൾവഴി പരിശോധിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും:
1.2006 സെപ്തംബർ 18, വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ എൽഡിഎഫ് സർക്കാർ – വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് തുറമുഖ മന്ത്രി എം വിജയകുമാർ.
2. നവംബർ 13 2009 ന് വി എസ് അച്യുതാനന്ദൻ സർക്കാർ വിഴിഞ്ഞം പദ്ധതി പഠനത്തിനായി IFC യെ നിയമിക്കുന്നു.
3. 23 – 10 – 12 വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാർ അട്ടിമറിക്കുന്നതിനെതിരെ ഉള്ള പ്രക്ഷോഭം കോടിയേരി ഉദ്ഘാടനം ചെയ്യുന്നു.
4. 3 – 4 – 2013 വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നതിനെതിരെ എൽഡിഎഫ് പ്രക്ഷോഭം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.
5. 19 – 4 – 13 വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് മനുഷ്യചങ്ങല.
എൽഡിഎഫ് കനത്ത പ്രക്ഷോഭം ഉയർത്തിയതോടെ 2009 ൽ വി എസ് സർക്കാർ IFC യെ പഠനത്തിന് ചുമതലപ്പെടുത്തിയ പദ്ധതി 6 വർഷം അടയിരുന്ന ശേഷം ധൃതിപ്പെട്ട് 2015 പകുതിയോടെ ടെൻഡർ വിളിച്ച് അദാനിയെ ഏൽപ്പിക്കുന്നു.
6. ജനുവരി ഒന്ന് 2016 – അദാനിയുമായുള്ള കരാറിൽ അഴിമതി ഉണ്ട്, പക്ഷെ തങ്ങൾ അധികാരത്തിൽ വന്നാലും കരാറിൽ നിന്നു മാറില്ല കാരണം പദ്ധതി വൈകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല എന്ന നിലപാട് പിണറായി വിജയൻ പ്രഖ്യാപിക്കുന്നു.
ഉമ്മൻ ചാണ്ടി തറക്കല്ലിട്ടെങ്കിലും 100 ശതമാനം പണിയും നടന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായ എൽഡിഎഫ് കാലത്ത്.
7. വിഴിഞ്ഞത്തിനെതിരെ തൽപര കക്ഷികൾ പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്ത് സമരം ചെയ്തപ്പോൾ കോൺഗ്രസ് എടുത്ത നിലപാട് “വിഴിഞ്ഞം സമരം ആളി പടരും – വി ഡി സതീശൻ”
8. ചില അട്ടിമറി ശക്തികൾ സമരം തുടർന്നപ്പോൾ തുറമുഖത്തിനായി ബദൽ സമരവുമായി സിപിഐ എം രംഗത്തെത്തി.
9 & 10. വിഴിഞ്ഞം തുറമുഖം ഒരു കാരണവശാലും നിർത്തി വയ്ക്കില്ല – പിണറായി വിജയൻ 2017 ലും 2022 ലും വ്യക്തമാക്കി.
11. വിഴിഞ്ഞത്ത് ഒക്ടോബർ 15 ന് ആദ്യ കപ്പൽ ഷെൻഹുവ നങ്കൂരമിടുന്നു.
വാസ്തവത്തിൽ വി എസ് സർക്കാരും തുറമുഖ മന്ത്രി ആരുന്ന എം വിജയകുമാറുമാണ് വിഴിഞ്ഞം പദ്ധതി കരക്കെത്തിച്ചു ടെൻഡർ ചെയ്തത്. എന്നാൽ കരാർ ലഭിച്ച zoom developers എന്ന കമ്പനിയുടെ പ്രധാന ഷെയർ ഹോൾഡർ ചൈനീസ് കമ്പനി ആണെന്ന കാരണം പറഞ്ഞു കൊണ്ട് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. കൊച്ചി മെട്രോക്ക് കേന്ദ്ര ഭരണം ഉപയോഗിച്ച് അനുമതി വൈകിപ്പിച്ചതും ഇതേ കാലത്തിലാണ്.
പിന്നീട് 2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. അതിവേഗം ബഹുദൂരം എന്നൊക്കെയായിരുന്നു പരസ്യ വാചകം എങ്കിലും വേഗത അഴിമതി കാട്ടുന്നതിൽ മാത്രമായിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞം പദ്ധതി. 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന് പദ്ധതി റീടെൻഡർ ചെയ്തു കരാറിൽ ഏർപ്പെടുവാൻ 2015 ഓഗസ്റ്റ് വരെ സമയം എടുത്തു. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഒന്നിച്ചു വന്നാൽ കേരളത്തിൽ വികസനം കോരി ചൊരിഞ്ഞു കളയുമായിരുന്നു എന്നായിരുന്നു വാഗ്ദാനം എങ്കിലും അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ശ്രീ എകെ ആന്റണിക്ക് പോലും യുഡിഎഫിന്റെ കാലത്ത് കേരളത്തിലേക്ക് വികസന പദ്ധതി അനുവദിക്കുവാൻ ധൈര്യമില്ല എന്ന് പരസ്യമായി പറയേണ്ടി വന്നതും അക്കാലത്താണ്.
ഇക്കാലയളവിൽ വിഴിഞ്ഞം തുറമുഖത്തിനായി ഏറ്റവും ശക്തമായ ശബ്ദം ഉയർത്തിയിരുന്നത് ഇടതുപക്ഷമായിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായി എൽഡിഎഫ് അക്കാലത്ത് നടത്തിയ ചില സമരങ്ങൾ.
1. 23-10-2012 ന് അന്താരാഷ്ട്ര തുറമുഖ ലോബിക്ക് വേണ്ടി വിഴിഞ്ഞം തുറമുഖം അട്ടിമറിക്കുന്നു – തുറമുഖ പദ്ധതി നടപ്പിലാക്കണം എന്ന് പറഞ്ഞുള്ള LDF ജനകീയ കൺവെൻഷൻ. ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രതിപക്ഷ ഉപനേതാവ് ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ.
2. 3 – 4 – 2013 ല്‍ വിഴിഞ്ഞം തുറമുഖം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുള്ള ജനകീയ കൂട്ടായ്മ ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
3. 16 – 4 – 2013 ന് വിഴിഞ്ഞം തുറമുഖം അട്ടിമറിക്കുന്നതിനെതിരെ വിഴിഞ്ഞം മുതൽ സെക്രട്ടേറിയറ്റ് വരെ മനുഷ്യചങ്ങല. പിണറായി വിജയൻ ആദ്യ കണ്ണി. പന്ന്യൻ രവീന്ദ്രൻ അവസാന കണ്ണി.
4. തിരുവനന്തപുരം ജില്ല സാക്ഷ്യം വഹിച്ചുട്ടുള്ളതില് വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയ സമരം വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തിയ, 212 ദിവസം നീണ്ടു നിന്ന ആ സമരം ഉദ്ഘാടനം ചെയ്തത് പിണറായി വിജയന് ആയിരുന്നു. ഓണത്തിനും ക്രിസ്മസിനും പെരുന്നാളിനും എല്ലാം പാർട്ടി പ്രവർത്തകർ സമരപന്തലിൽ തുറമുഖത്തിനായി സത്യഗ്രഹമിരുന്നു. ഓരോ ദിവസവും പാര്‍ട്ടിയുടെ ഓരോ ലോക്കല്കമ്മിറ്റികള്ക്ക് ചുമതല നല്കി സംഘടിപ്പിച്ച ഉജ്ജ്വല സമരം നടന്ന സമയത്ത് കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു ജില്ലാ സെക്രട്ടറി.
തെരുവുകളില്‍ മാത്രമല്ല നിയമസഭക്ക് ഉള്ളിലും എൽഡിഎഫ് വിഴിഞ്ഞം തുറമുഖത്തിനായി ശബ്ദമുയര്‍ത്തി.
1. 2014 ജനുവരി 8 ന് പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന് ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കുകയുണ്ടായി. ആ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം പ്രമേയം അവസാനിക്കുന്നത് “വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടല്‍ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണം” എന്നാണ്.
2. 2014 ഫെബ്രുവരി 3 ന് ഇടതുപക്ഷ സാമാജികരായ ജമീല പ്രകാശം, വി ശിവന്‍കുട്ടി, കോവൂര്‍ കുഞ്ഞുമോന്, എ കെ ശശീന്ദ്രന് എന്നിവര്‍ ചേര്‍ന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കുകയുണ്ടായി. വിഴിഞ്ഞം തുറമുഖം പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ നടത്തി വന്നിരുന്ന നിരാഹാര സമരം നാല് ദിവസം പിന്നിട്ട വേളയില്‍ അവതരിപ്പിക്കുന്ന അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനു പോലും മുന്‍പ് തന്നെ ഈ സഭയില്‍ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രിയും ഇന്ന് തൃപ്പൂണിത്തുറ അംഗവുമായ കെ ബാബു പറഞ്ഞത് “ജനങ്ങള്‍ക്ക് ഇതില്‍ ആശങ്കയുള്ളതായി കാണുന്നില്ല. ഇതിനെക്കാള്‍ പ്രാധാന്യമുള്ള തെരുവ് നായ്ക്കളുടെ ശല്യം ചര്‍ച്ച ചെയ്യാം” എന്നായിരുന്നു. വര്‍ഷങ്ങളുടെ തഴക്കവും പഴക്കവും അനുഭവസമ്പത്തും കേമത്തം പറയുന്നവര്‍ പറഞ്ഞതാണ് ഈ മറുപടി. അന്നത്തെ ഭരണപക്ഷത്തിന്റെ വികസന വിരുദ്ധവും കേരളത്തില്‍ അന്നേ സംഭവിക്കുമായിരുന്ന കുതിച്ചു ചാട്ടത്തെ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്ന നിലയിലുള്ള മറുപടിയില്‍ പ്രതിഷേധിച്ച് എൽഡിഎഫ് ഈ സഭാങ്കണത്തില്‍ നിന്നും വാക്കൗട്ട് നടത്തി.
ഏറ്റവും ഒടുവിൽ അദാനി ഗ്രൂപ്പുമായി യുഡിഎഫ് സർക്കാർ കരാറിൽ ഏർപ്പെട്ടു. ആ കരാറിലെ പല വ്യവസ്ഥകളോടും എൽഡിഎഫിന് വിയോജിപ്പ് ഉണ്ടായിരുന്നു. അതിലെ പല വ്യവസ്ഥകളും സംസ്ഥാന താൽപര്യത്തിനു യോജിക്കുന്നത് ആയിരുന്നില്ല. വിഴിഞ്ഞം പദ്ധതിയുടെ ഭാവിയും പ്രാധാന്യവും മുന്നിൽ കണ്ടു കൊണ്ടാണ് വിഴിഞ്ഞം തുറമുഖ കരാറിനോട് ഇടതുപക്ഷത്തിന് പല വിയോജിപ്പുകൾ ഉണ്ടെങ്കിലും ആ പദ്ധതിയുമായി മുന്നോട്ടു പോകുവാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവുന്നത്.
ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി ആവുന്നതിനു മുമ്പ്, 2016 ജനുവരി 1 നു കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കിനുമൊപ്പം ഒരു പത്ര സമ്മേളനം നടത്തി. അന്നദ്ദേഹം പറഞ്ഞത് “ചില വികസന വിരുദ്ധരായിട്ടുള്ള ആളുകൾ നമുക്കിടയിലുണ്ട്. എല്ലാ കാര്യങ്ങളെയും എതിർക്കാൻ തയ്യാറാവുന്നവർ. യഥാർത്ഥത്തിൽ അവരാണ് സാമൂഹ്യ വിരുദ്ധർ. വികസന വിരുദ്ധ നിലപാട് ഒരുകാലത്തും പാർട്ടി സ്വീകരിച്ചിരുന്നില്ല. വികസന വിരുദ്ധരെ ഞങ്ങളുടെ കൂട്ടത്തിൽ ആരും പിന്തുണക്കുകയില്ല” എന്നാണ്.
പ്രതിപക്ഷത്ത് ഉണ്ടായിരുന്നപ്പോൾ എൽഡിഎഫ് നിലപാട് ഇതായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഇടംകോലിടാൻ പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ശ്രമിച്ചിരുന്നില്ല. വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വേണ്ടിയാണ് എൽഡിഎഫ് സമരം ചെയ്തിരുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ലഭ്യമാക്കുന്നതിനു വേണ്ടി എൽഡിഎഫ് സമരം ചെയ്തിട്ടുണ്ട്. അപ്പോഴും പദ്ധതികൾക്കെതിരെ സമരം ചെയ്തിരുന്നില്ല.