ന്യൂഡൽഹി> ഏതുവിധ ഭീകരപ്രവർത്തനവും മാനവരാശിക്ക് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷങ്ങളും ഏറ്റുമുട്ടലുകളും നിറഞ്ഞ ലോകം ആർക്കും പ്രയോജനപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
“അതിർത്തിക്ക് അപ്പുറത്തുനിന്നുള്ള ഭീകരത ഇന്ത്യ ദീർഘകാലമായി നേരിടുന്നു. 20 വർഷം മുമ്പ് ഭീകരർ പാർലമെന്റ് ആക്രമിച്ചു. സമ്മേളനം നടക്കവെയായിരുന്നു അത്. ഭീകരത ഉയർത്തുന്ന വെല്ലുവിളി എത്ര വലുതാണെന്ന് ലോകം ഇപ്പോൾ മനസ്സിലാക്കുന്നു. എവിടെ, എതുരീതിയിൽ നടക്കുന്ന ഭീകരപ്രവർത്തനവും മനുഷ്യർക്ക് എതിരാണ് “– പ്രധാനമന്ത്രി പറഞ്ഞു. ജി 20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വീക്ഷിക്കാൻ പ്രധാനമന്ത്രി സമ്മേളന പ്രതിനിധികളെ ക്ഷണിച്ചു. 100 കോടിയോളം പേർ പങ്കെടുക്കുന്ന വോട്ടെടുപ്പാണ് നടക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ക്യാനഡ പാർലമെന്റ് സ്പീക്കർ റെയ്മണ്ടോ ഗാഗ്നെ സമ്മേളനത്തിൽ പങ്കെടുത്തില്ല.