വെങ്കിടങ്ങ് (തൃശൂർ)
കരുവന്തലയിൽനിന്ന് തുടങ്ങി ഖത്തറിന്റെ മണലാരണ്യത്തോളം വളർന്ന നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തലയുടെ അകാലവിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. ഹൃദയാഘാതത്തെത്തുടർന്ന് ഖത്തറിൽ മരിച്ച രാജേഷിന്റെ മൃതദേഹം വെള്ളി പകൽ 12.30ന് വീട്ടുവളപ്പിൽ സംസ്കരിക്കും. അച്ഛൻ: പരേതനായ പത്മനാഭൻ. അമ്മ: സീമന്തിനി. ഭാര്യ: ലത. മക്കൾ: ആഘോഷ്, ആമ്പൽ.
18 വർഷമായി ഖത്തറിലെ സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ ഓഫീസിലെ ജീവനക്കാരനായിരുന്നു രാജേഷ്. ഓണത്തിന് നാട്ടിലെത്തിയ ഇദ്ദേഹം 20 ദിവസം മുമ്പാണ് മടങ്ങിയത്. ഖത്തറിൽ ജോലി ചെയ്യുമ്പോഴും മനസ്സ് നിറയെ നാടൻപാട്ടും പാട്ടിൽ നിറഞ്ഞത് സിപിഐ എം എന്ന പ്രസ്ഥാനവുമായി രുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതലേ നാടൻ പാട്ടിനോട് പ്രത്യക അഭിമുഖ്യം രാജേഷിനുണ്ടായിരുന്നു.
എല്ലാ ഓണത്തിനും നാട്ടിലെത്താറുള്ള രാജേഷ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. നാട്ടിലെത്തിയാൽ പിന്നെ ആഘോഷമാണ്. നാട്ടിൽ രാജേഷിന്റെ നാടൻ പാട്ടില്ലാത്ത ആഘോഷമില്ല. 2023 കണ്ടശാങ്കടവ് ചീഫ് മിനിസ്റ്റേഴ്സ് വള്ളംകളി ആഘോഷവേദിയിലും നാടൻപാട്ടുമായി രാജേഷെത്തിയിരുന്നു.
വെങ്കിടങ്ങിലെ കൃഷിഭവൻ സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്തയിലും ചിങ്ങം ഒന്നിന് നടക്കുന്ന കർഷകദിനാഘോഷ പരിപാടികളിലും രാജേഷുണ്ടാകും. നിമിഷകവികൂടിയായിരുന്നു രാജേഷ്. മുൻകൂട്ടി എഴുതിത്തയ്യാറാക്കാതെതന്നെ സന്ദർഭത്തിനനുസരിച്ച് നാടൻപാട്ട് പാടാനുള്ള പ്രത്യേക കഴിവ് രാജേഷിന്റെ പ്രത്യേകതയായിരുന്നു. ഗൾഫ് നാടുകളിലെ മലയാളി അസോസിയേഷനുകളിലെ ആഘോഷങ്ങളിലും സോഷ്യൽ മീഡയയിലും രാജേഷ് കരുവന്തല നിറസാന്നിധ്യമായിരുന്നു.