തിരുവനന്തപുരം
രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്ന പ്രതീക്ഷയോടെ രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പലെത്തി. ചൈനയിൽനിന്നുള്ള ചരക്കുകപ്പലായ ഷെൻഹുവ- 15 വ്യാഴം പകൽ പതിനൊന്നോടെയാണ് തുറമുഖത്ത് നങ്കൂരമിട്ടത്. പുറംകടലില് നങ്കൂരമിട്ടിരുന്ന കപ്പലിനെ മൂന്നു ടഗ്ഗുകളുടെ സഹായത്തോടെയാണ് ബര്ത്തിലേക്ക് അടുപ്പിച്ചത്.
തുറമുഖത്തേക്കുള്ള യാത്രയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ മറൈൻ സർവീസ് തലവൻ ക്യാപ്റ്റൻ തുഷാർ കിനിക്കർ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ബർത്ത് പരിസരത്തേക്ക് വരുന്നതിനിടെ രണ്ട് ടഗ്ഗുകൾ ഇരുഭാഗത്തുനിന്നുമായി വാട്ടർ സല്യൂട്ട് നൽകി. തുടർന്ന് 100 മീറ്റർകൂടി പിന്നിട്ടശേഷം ബർത്തിനു സമീപം കപ്പൽ നങ്കൂരമിട്ടു. ശക്തമായ സുരക്ഷാവലയത്തിലായിരുന്നു കപ്പൽ കൊണ്ടുവന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് ബുധൻ രാവിലെ 10.45ഓടെ ക്രെയിനുകളുമായി ഷെൻഹുവ 15 വിഴിഞ്ഞം പുറംകടലിൽ എത്തിയിരുന്നു. ഞായർ വൈകിട്ട് നാലിന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കപ്പലിന് സ്വീകരണംനൽകും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖമന്ത്രി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.