കോഴിക്കോട്
ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യാ മുന്നണിക്ക് സാധിക്കുമെന്ന് ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. എൽജെഡി–-ആർജെഡി ലയന സമ്മേളനം എം കെ പ്രേംനാഥ് നഗറിൽ (കലിക്കറ്റ് ട്രേഡ് സെന്റർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഡിയും സിബിഐയും ആദായനികുതി വകുപ്പും ബിജെപിയുടെ സഹമുന്നണിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. യാഥാർഥ്യം വിളിച്ചു പറയുന്നവരെ ഭയക്കുന്നു.
ജാതി സെൻസസ് പുറത്തുവന്നതോടെ അതിനെ നേരിടാനാവാതെ ബിജെപി പകച്ചു നിൽക്കുകയാണ്. ബിജെപി നയിക്കുന്ന ഫാസിസ്റ്റ് സഖ്യത്തെ തറപറ്റിക്കുക എന്നതാണ് പ്രധാനം. കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ അധ്യക്ഷനായി. മനോജ് ജാ എംപി, ആർജെഡി ദേശീയ സെക്രട്ടറി ജനറൽ അബ്ദുൾ ബാരിസ് സിദ്ദിഖി, കെ പി മോഹനൻ എംഎൽഎ, പി കിഷൻ ചന്ദ് എന്നിവർ സംസാരിച്ചു. എൽജെഡി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് ലയന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി സ്വാഗതം പറഞ്ഞു.