കോഴിക്കോട് > പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറുമായിരുന്ന പി വി ഗംഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടറായിരുന്നു. ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് നേതൃത്വം നൽകി.
1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ചലച്ചിത്രനിർമാണരംഗത്തേക്കെത്തിയത്. ഒരു വടക്കന് വീരഗാഥ, അങ്ങാടി,അഹിംസ, അദ്വൈതം, ഏകലവ്യന്,കാണാക്കിനാവ് , അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്, നോട്ട്ബുക്ക് തുടങ്ങിയവ ഗൃഹലക്ഷ്മി പ്രൊഡക്ഷന്സിന്റെ ബാനറില് അദ്ദേഹം നിര്മ്മിച്ച ചലച്ചിത്രങ്ങളാണ്. മക്കളുടെ പ്രൊഡക്ഷൻ കമ്പനിയായ എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമാ നിര്മ്മാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡന്റായും കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ പി വി ഗംഗാധരൻ നിലവിൽ എഐസിസി അംഗമാണ്. 2011ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു.
കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ പി വി സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ മൂത്ത സഹോദരനാണ്. ഭാര്യ പി വി ഷെറിൻ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്.