ചെന്നൈ
ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയം നേടി ലോകകപ്പിൽ സ്വപ്നതുല്യ തുടക്കമിട്ട ന്യൂസിലൻഡ് ഇന്ന് മൂന്നാംമത്സരത്തിന്. ബംഗ്ലാദേശാണ് എതിരാളികൾ. സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ പകൽ 2നാണ് മത്സരം.
പരിക്കുമാറി ക്യാപ്റ്റൻ കെയ്ൻ വില്യംസണും പേസർ ടിം സൗത്തിയും തിരിച്ചെത്തുന്നത് കിവീസിന്റെ കരുത്ത് കൂട്ടും. ആദ്യ മത്സരത്തിൽ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനും രണ്ടാംകളിയിൽ നെതർലൻഡ്സിനെ 99 റണ്ണിനും തകർത്താണ് കിവീസ് എത്തുന്നത്. സെഞ്ചുറിയും അർധസെഞ്ചുറിയും കുറിച്ച രചിൻ രവീന്ദ്ര, ഓപ്പണർമാരായ ഡെവൺ കോൺവേ, വിൽ യങ്, ടോം ലാതം എന്നിവർ മികച്ച ഫോമിലാണ്. ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി മിച്ചെൽ സാന്റ്നെർ ബൗളിങ്ങിൽ കരുത്തുപകരുന്നു.
ബംഗ്ലാദേശ് ആദ്യകളിയിൽ അഫ്ഗാനെ ആറ് വിക്കറ്റിന് തകർത്തെങ്കിലും രണ്ടാംമത്സരത്തിൽ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനോട് 137 റണ്ണിന് തോറ്റു.
ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസ്സൻ മികവിലേക്ക് ഉയരാത്തത് വെല്ലുവിളിയാണ്. മെഹ്ദി ഹസ്സൻ മിറാസിന്റെ ഓൾറൗണ്ട് മികവിൽ ടീം പ്രതീക്ഷയർപ്പിക്കുന്നുണ്ട്.