തിരുവനന്തപുരം
ഐഎസ്ആർഒയുടെ നവംബറിലെ പിഎസ്എൽവി ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപണത്തിനൊരുങ്ങുന്ന പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളേജിന്റെ സ്വന്തം ഉപഗ്രഹത്തിന് സർക്കാരിന്റെ കൈത്താങ്ങ്. പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ ഉപഗ്രഹമായ “വിമെൻ എൻജിനിയേർഡ് സാറ്റലൈറ്റിന് (വി സാറ്റ്) സ്റ്റാർടപ് മിഷൻ 30 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര-ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ ധനസഹായ പദ്ധതിയായ നിധി പ്രയാസുമായി ചേർന്നാണ് തുക ലഭ്യമാക്കിയത്. ഇതിൽ 21 ലക്ഷം രൂപ സംസ്ഥാന വിഹിതവും 9 ലക്ഷം രൂപ കേന്ദ്രഫണ്ടുമാണ്.
തിങ്കളാഴ്ച തിരുവനന്തപുരം സിഇടിയിൽ നടന്ന സ്റ്റാർട്ടപ് മിഷൻ ഇഐഡിസി സമ്മേളനത്തിൽ ചെക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിദ്യാർഥികൾക്ക് കൈമാറി. സംസ്ഥാനത്ത് ആദ്യമായി വിദ്യാർഥികൾ സ്വന്തമായി നിർമിച്ച ഉപഗ്രഹംകൂടിയാകും വി സാറ്റ്. നവംബറിലെ പിഎസ്എൽവി മിഷന്റെ ഭാഗമായി വി സാറ്റ് വിക്ഷേപണത്തിന് ഐഎസ്ആർഒയുമായി ധാരണപത്രം ഒപ്പുവച്ചു. ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെ നിർമാണം അന്തിമഘട്ടത്തിലാണ്.
കോളേജിലെ സ്പേസ് ക്ലബ് അംഗങ്ങളായ വിദ്യാർഥിനികളുടെ നാലുവർഷത്തെ നിരന്തര അധ്വാനത്തിന്റെ ഫലമാണ് വി സാറ്റ്. ബഹിരാകാശത്തിലെയും ഭൗമോപരിതലത്തിലെയും അൾട്രാവയലറ്റ് വികിരണങ്ങളുടെ തോതും ഇതിന് കേരളത്തിലെ ഉഷ്ണതരംഗത്തിലെയും കാലാവസ്ഥാ വ്യതിയാനത്തിലെയും സ്വാധീനവും മനസ്സിലാക്കുകയാണ് വി സാറ്റിന്റെ പ്രധാന ലക്ഷ്യം. ഇതിനുവേണ്ടിയുള്ള ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപനത്തിൽത്തന്നെ സ്പെയ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. അസി. പ്രൊഫസറായ ഡോ. ലിസി എബ്രഹാമാണ് സ്പെയ്സ് ക്ലബ് കോ–- ഓർഡിനേറ്റർ. ഡി കെ ദേവിക, സൂര്യ ജയകുമാർ, ഷെറിൻ മറിയം ജോസ് എന്നിവരാണ് വിദ്യാർഥി കോ–- ഓർഡിനേറ്റർമാർ. സർക്കാരിന്റെ സഹായവും പ്രോത്സാഹനവും ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. ലിസി എബ്രഹാം പറഞ്ഞു.