കൊച്ചി
വിത്തുകൾ വിൽക്കാനുള്ളതല്ല, തലമുറകൾക്ക് കൈമാറാനുള്ള നന്മയാണെന്ന് പത്മശ്രീ പുരസ്കാര ജേതാവായ കർഷകൻ ചെറുവയൽ രാമൻ. 16–-ാംകാർഷികശാസ്ത്ര കോൺഗ്രസിലെ കർഷകസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുടെ വരദാനമാണ് വിത്തുകൾ. പരമ്പരാഗത ഇനങ്ങൾ ഉൾപ്പെടെയുള്ള നെൽവിത്തുകൾ സംരക്ഷിച്ചുവരുന്നു. ആവശ്യക്കാർക്ക് സൗജന്യമായാണ് ഇവ നൽകുന്നത്. എന്നാൽ, പ്രകൃതിക്കിണങ്ങുന്ന കൃഷിരീതികളും ജൈവ വൈവിധ്യങ്ങളും സംരക്ഷിക്കാൻ പുതുതലമുറയ്ക്ക് താൽപ്പര്യമുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും ചെറുവയൽ രാമൻ പറഞ്ഞു.
പത്മ പുരസ്കാര ജേതാക്കളായ ഉത്തർപ്രദേശിൽനിന്നുള്ള സേത്പാൽ സിങ്, ചന്ദ്രശേഖർ സിങ്, ഒഡിഷയിൽനിന്നുള്ള സബർമതി, ബട്ട കൃഷ്ണ സാഹു എന്നീ കർഷകരും അനുഭവങ്ങൾ പങ്കുവച്ചു. കർഷകരെ സമ്മേളനം ആദരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുനൂറോളം കർഷകർ ശാസ്ത്രജ്ഞരുമായി സംവദിച്ചു. റാണി ലക്ഷ്മിബായി കേന്ദ്ര കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. എ കെ സിങ്, തമിഴ്നാട് കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി ഗീതാലക്ഷ്മി എന്നിവർ സംവാദം നിയന്ത്രിച്ചു.