അബുദാബി > ലോക അധ്യാപകദിനത്തോടനുബന്ധിച്ച് അബുദാബി മലപ്പുറം ജില്ലാ കെഎംസിസി യുഎഇയിൽ 25 വർഷം അധ്യാപന മേഖലയിൽ സേവനം പൂർത്തീകരിച്ച മലപ്പുറം ജില്ലയിൽ നിന്നുള്ള അധ്യാപകരെ ആദരിക്കുന്നു. “തക്രീം – എ ഡേ ഓഫ് ഗ്രാറ്റിട്യൂഡ് ‘ എന്ന പേരിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ 20 വെള്ളിയാഴ്ച രാത്രി 7ന് പരിപാടി നടത്തും.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, യുഎഇയിലെ എഴുത്തുകാരിയും നോവലിസ്റ്റും കഥാകൃത്തുമായ ഫാത്തിമ അൽ മസ്രൂയി, യുഎഇലെ വിവിധ എമിറേറ്റുകളിൽ നിന്നായി മലപ്പുറം ജില്ലയിൽ നിന്നുള്ള 25 ഓളം അധ്യാപകർ, വിവിധ സ്കൂൾ പ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, സാംസ്കാരിക പ്രവർത്തകർ, കെഎംസിസി കേന്ദ്ര സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയ നിരവധിപേർ ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയെകുറിച്ചുള്ള വീഡിയോ ഡോക്യുമെന്ററി പ്രദർശനവും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടിയോടനുബന്ധിച്ച് പ്രബന്ധരചന, വീഡിയോ ആശംസ, ചിത്ര രചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടൻ, അബുദാബി കെഎംസിസി സെക്രട്ടറി ടി കെ അബ്ദുൽ സലാം, ഷാഹിദ് ഷാഹിദ് ബിൻ മുഹമ്മദ് ചെമ്മുക്കൻ, അഷ്റഫ് അലി പുതുക്കുടി, റോയ് രാജ്, മുഹ്യിദ്ദീൻ ചോലശ്ശേരി, സാൽമി പരപ്പനങ്ങാടി, നൗഷാദ് തൃപ്രങ്ങോട് ഹാരിസ് വിപി ഖാദർ ഒളവട്ടൂർ, കുഞ്ഞിപ്പ മോങ്ങം, നാസർ വൈലത്തൂർ, ഹസൻ അരീക്കൻ, സിറാജ് ആതവനാട്, സമീർ പുറത്തൂർ, ഷാഹിർ പൊന്നാനി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.