തിരുവനന്തപുരം
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ ഭാഗിക പട്ടിക ജില്ലാതലങ്ങളിൽ പ്രസിദ്ധീകരിച്ചതോടെ ഭൂരിപക്ഷം കേന്ദ്രങ്ങളിലും പ്രതിഷേധം രൂക്ഷമായി. അന്തിമ പട്ടിക രൂപീകരിക്കാൻ തയ്യാറാക്കിയ ജില്ലാസമിതികളുടെ നിർദേശം കാറ്റിൽപ്പറത്തി, എ, ഐ ഗ്രൂപ്പുകാരുടെ പട്ടിക കുട്ടയിലിട്ടു, ക്രിമിനലുകളെയടക്കം പണംവാങ്ങി നിയമിച്ചു എന്നിങ്ങനെയുള്ള ഗുരുതര ആക്ഷേപങ്ങളാണുയരുന്നത്. ഇടുക്കി, കോട്ടയം ഒഴികെയുള്ള ജില്ലകളിലെ പട്ടികയാണ് ഭാഗികമായി പുറത്തിറക്കിയത്. പലയിടത്തും പുതിയ പ്രസിഡന്റുമാർക്കെതിരെ പ്രതിഷേധ യോഗമുണ്ടായി.
തിരുവനന്തപുരത്തടക്കം സമാന്തര യോഗങ്ങൾ വിളിക്കാൻ ഗ്രൂപ്പ് നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ചെറുവയ്ക്കൽ, മെഡിക്കൽ കോളേജ്, ഉള്ളൂർ, മണ്ണന്തല എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ യോഗങ്ങൾ ചേരും. ഡിസിസി അംഗത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൺവൻഷനും വിളിച്ചിട്ടുണ്ട്. കുറവൻകോണത്ത് മണ്ഡലം പ്രസിഡന്റ് സജു അമർദാസിന്റെ ഫ്ളക്സിൽ പ്രവർത്തകർ കരിഓയിൽ തേച്ചു.
ചെന്നിത്തലയ്ക്ക് കനത്ത നഷ്ടം
മലപ്പുറത്ത് എ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പുകാരെ വെട്ടിനിരത്തിയെന്നാണ് പരാതി. തിരുവനന്തപുരത്തടക്കം പല ജില്ലകളിലും രമേശ് ചെന്നിത്തലയ്ക്കാണ് കനത്ത നഷ്ടം. കെ സുധാകരന്റെയും വി ഡി സതീശന്റെയും കെ സി വേണുഗോപാലിന്റെയും ആളുകളാണ് ഭൂരിപക്ഷം മണ്ഡലങ്ങളിലും ഭാരവാഹികളായത്. എ, ഐ ഗ്രൂപ്പുകളിൽ മികച്ച നിലയിൽ പ്രവർത്തിച്ചവരെയടക്കം ഒഴിവാക്കി.
പ്രവർത്തക സമിതിയിൽനിന്ന് തഴയപ്പെട്ട ചെന്നിത്തല പുതിയ ചുമതല പ്രതീക്ഷിച്ചിരിക്കുന്നതിനാൽ ഇപ്പോൾ പരസ്യമായി പ്രതികരിക്കാൻ തയ്യാറാകില്ല. ഗ്രൂപ്പിനുള്ളിൽ പൊതുസമ്മതനായ നേതാവില്ലാത്തതിനാൽ എ ക്കാർക്കും പ്രതിഷേധം രേഖപ്പെടുത്താനാകുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് ഔദ്യോഗിക വിഭാഗത്തിന്റെ വെട്ടിപ്പിടുത്തമെന്നും എ, ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.