തൃശൂർ
സിപിഐ എം നേതാവിനെ പ്രതിചേർക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ കബളിപ്പിച്ച് മറ്റൊരാളുടെ അക്കൗണ്ട് വിവരം നൽകിയത് ഒന്നാംപേജിൽ വലിയ വാർത്തയാക്കിയ മാധ്യമങ്ങൾ, അത് തെറ്റാണെന്ന് അറിഞ്ഞപ്പോൾ മിണ്ടുന്നില്ല.
കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണ ഇടപാട് നടത്തിയെന്ന് സ്ഥാപിക്കാനായിരുന്നു അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്ന് റിപ്പോർട്ട് നൽകിയത്. ഇത് മിക്ക പത്രങ്ങളും ഒന്നാംപേജിൽ വാർത്തയാക്കി. ചാനലുകൾ രണ്ടുദിവസം തുടർച്ചയായി ചർച്ചയും നടത്തി. 1600 രൂപ ക്ഷേമ പെൻഷൻ മാത്രം വാങ്ങുന്ന ചന്ദ്രമതിയുടെ അക്കൗണ്ടിൽ 63,56,460 രൂപയുടെ ഇടപാട് നടന്നത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നുവെന്നായിരുന്നു ചർച്ച. എന്നാൽ മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ടിലാണ് ഇടപാട് നടന്നതെന്നും അത് അരവിന്ദാക്ഷന്റെ അമ്മയല്ലെന്നും വസ്തുതകൾ നിരത്തി ദേശാഭിമാനിയും കൈരളി ചാനലും വാർത്ത പുറത്തുകൊണ്ടുവന്നു.
അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ ഇടപാട് നടന്നതായി ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ട് മനോരമ ഒന്നാം പേജിൽ വാർത്തയാക്കിയപ്പോൾ
കഴിഞ്ഞ ദിവസം എറണാകുളത്തെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ഇഡി നൽകിയ റിപ്പോർട്ടിൽനിന്ന് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിക്ക് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ടുള്ള കാര്യം പ്രതിപാദിക്കുന്ന പേജ് തന്നെ ഒഴിവാക്കി. അരവിന്ദാക്ഷനെ എന്തിനാണോ അറസ്റ്റ് ചെയ്തത് ആ കുറ്റം നിലനിൽക്കാത്തവിധമായിരുന്നു റിപ്പോർട്ട്. സിപിഐ എം നേതാവിനെ കരുവന്നൂർ വായ്പാ തട്ടിപ്പ് കേസിൽ കുടുക്കാൻ ഇഡി വ്യാജ തെളിവുണ്ടാക്കിയെന്ന വസ്തുത പുറത്തുവന്നിട്ടും ഒരു മാധ്യമവും അറിഞ്ഞഭാവം നടിച്ചില്ല. വടക്കാഞ്ചേരി നഗരസഭയിലെത്തന്നെ പാലായിൽ വീട്ടിൽ ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങളാണ് അരവിന്ദാക്ഷന്റെ അമ്മയുടേതെന്ന വ്യാജേന കോടതിയിൽ റിപ്പോർട്ട് നൽകിയത്.