തിരുവനന്തപുരം
സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആറ് നഴ്സിങ് കോളേജിനായി 79 തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിന്റെ അനുമതി. കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ പുതിയ നഴ്സിങ് കോളേജുകളിലും തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസിൽ ആരംഭിച്ച കോളേജിലുമാണ് തസ്തിക. അഞ്ച് പ്രിൻസിപ്പൽമാർ, 14 അസിസ്റ്റന്റ് പ്രൊഫസർ, ആറ് സീനിയർ സൂപ്രണ്ട്, ആറ് ലൈബ്രേറിയൻ ഗ്രേഡ് ഒന്ന്, ആറ് ക്ലർക്ക്, ആറ് ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ സ്ഥിരം തസ്തികയാണുണ്ടാകുക. ജനറൽ ആശുപത്രിയിലെ കോളേജിന്റെ പ്രിൻസിപ്പൽ തിരുവനന്തപുരം നഴ്സിങ് കോളേജ് പ്രിൻസിപ്പലായിരിക്കും. 12 ട്യൂട്ടർ, ആറ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ആറ് ഹൗസ് കീപ്പർ, ആറ് ഫുൾടൈം സ്വീപ്പർ, ആറ് വാച്ച്മാൻ എന്നിങ്ങനെ താൽക്കാലിക ഒഴിവുകളുമുണ്ടാകും. നിയമനം ഉടൻ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
സർക്കാർ, അനുബന്ധ മേഖലകളിൽ ഈ വർഷം 760 ബിഎസ്സി നഴ്സിങ് സീറ്റാണ് വർധിപ്പിച്ചത്. ഇവിടെ പ്രവേശന നടപടി പൂർത്തിയായി. സിമെറ്റി (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി)നു കീഴിൽ വർക്കല, നെയ്യാറ്റിൻകര, കോന്നി, നൂറനാട്, ധർമടം, തളിപ്പറമ്പ് എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള നഴ്സിങ് കോളേജുകൾ ആരംഭിക്കും. സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് (സി പാസ്) കീഴിൽ കൊട്ടാരക്കരയിൽ 40 സീറ്റ് കോളേജിനും അനുമതിയായി.
2022– –23ൽ 832 ബിഎസ്സി നഴ്സിങ് സീറ്റ് വർധിപ്പിച്ചു. 2023-–-24ൽ 1517 സീറ്റ് വർധിപ്പിക്കുകയാണ് ലക്ഷ്യം. ജനറൽ നഴ്സിങ്ങിൽ 100 സീറ്റ് വർധിപ്പിച്ച് 557 ആക്കി. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സംവരണം അനുവദിച്ചതും നേട്ടമാണ്.