കൊച്ചി
നടി റാണിചന്ദ്ര വിമാനാപകടത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ് സംവിധായകൻ കെ ജി ജോർജ് പൊട്ടിക്കരഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സെൽമ ജോർജ് ഓർക്കുന്നു. ജോർജിന്റെ ആദ്യ ചിത്രമായ ‘സ്വപ്നാടന’ത്തിലെ നായികയായിരുന്നു കൊച്ചിക്കാരി റാണിചന്ദ്ര. സ്വപ്നാടനത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങാനിരിക്കെ 27–ാം വയസിലായിരുന്നു ദുരന്തം. ഇന്നേക്ക് 47 വർഷംമുമ്പ്, 1976 ഒക്ടോബർ 12 നുണ്ടായ വിമാനാപകടത്തിൽ റാണിചന്ദ്രയും അമ്മയും മൂന്ന് സഹോദരിമാരും ഉൾപ്പെടെ 95 പേരാണ് കൊല്ലപ്പെട്ടത്.
റാണിചന്ദ്രയുടെ ഓർമകൾ അവർ ജനിച്ചുവളർന്ന ഫോർട്ട് കൊച്ചി കുന്നുംപുറത്തുപോലും ഇന്നില്ല. സിനിമയിലും നൃത്തവേദിയിലും തിരക്കായപ്പോൾ കുടുംബം മദ്രാസിലേക്ക് മാറിയിരുന്നു. പിന്നീട് മടങ്ങിയെത്തിയില്ല. റാണിചന്ദ്ര ഉൾപ്പെടെ അഞ്ചുപേരുടെയും മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുവന്നുമില്ല.
കൊച്ചിക്കാരിയായിരിക്കെയാണ് നർത്തകിയും സിനിമാതാരവുമായി പ്രശസ്തിയിലേക്ക് നടന്നുകയറിയത്. ഫോർട്ട് കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂൾ, എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർഥിയായിരിക്കെത്തന്നെ നർത്തകിയായി പേരെടുത്തു. ഗവ. ഗേൾസ് സ്കൂളിൽ സെൽമയുടെ സീനിയറായിരുന്നു. നൃത്തവേദികളിലൊന്നിൽ ഒന്നിച്ച് മത്സരിച്ച് റാണിചന്ദ്ര ഒന്നാംസ്ഥാനക്കാരിയായതും സെൽമ ഓർക്കുന്നു.
സംസ്ഥാനത്ത് ആദ്യത്തേതെന്ന് കരുതുന്ന സൗന്ദര്യമത്സരത്തിൽ മിസ് കേരള കിരീടം ചൂടിയായിരുന്നു സിനിമാപ്രവേശം. നായികയെ കണ്ടെത്താനെന്ന പേരിൽ ഒരു സിനിമാ നിർമാണ കമ്പനിയാണ് 1965ൽ തൃശൂരിൽ സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. എന്നാൽ, സിനിമ യാഥാർഥ്യമായില്ല. 1967ൽ പി എസ് തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പാവപ്പെട്ടവൾ’ ആണ് റാണിചന്ദ്ര വേഷമിട്ട ആദ്യചിത്രം. നായികാവേഷത്തിലെത്തിയ ആദ്യസിനിമ സാമ്പത്തികമായി തകർന്നതോടെ പിന്നീട് ശ്രദ്ധേയ വേഷങ്ങളൊന്നും കിട്ടിയില്ല. ഈ സമയത്താണ് കെ ജി ജോർജ് തന്റെ ആദ്യചിത്രമായ ‘സ്വപ്നാടന’ത്തിൽ നായികയാക്കിയത്.
തമിഴിലടക്കം എഴുപതോളം സിനിമകളിൽ വേഷമിട്ടപ്പോഴും നൃത്തവേദിയിൽ സജീവമായിരുന്നു. ഗൾഫ് നാടുകളിൽ സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു വിമാനാപകടം. ബോംബെ സാന്താക്രൂസ് വിമാനത്താവളത്തിൽനിന്ന് ഒക്ടോബർ 12ന് പുലർച്ചെ 1. 30ന് പുറപ്പെട്ട വിമാനം നിമിഷങ്ങൾക്കുള്ളിൽ റൺവേയിൽ വീണ് കത്തിയമർന്നു. മറ്റൊരാളുടെയും മരണമറിഞ്ഞ് കെ ജി ജോർജ് ഇതുപോലെ പൊട്ടിക്കരഞ്ഞു കണ്ടിട്ടില്ലെന്ന് സെൽമ പറഞ്ഞു. അദ്ദേഹത്തിന്റെ ഗുരു രാമു കാര്യാട്ടിന്റെ സിനിമകളിലും റാണിചന്ദ്ര അഭിനയിച്ചിട്ടുണ്ട്. അതുമുതലുള്ള ബന്ധമായിരുന്നു. ആ വിയോഗം അദ്ദേഹത്തെ നീണ്ടകാലം സങ്കടത്തിലാക്കിയതായും സെൽമ ഓർക്കുന്നു.