ഗാസ
സ്വന്തമായതും പരിചിതമായതുമെല്ലാം ഇസ്രയേൽ വ്യോമാക്രമണത്തിൽ മണ്ണടിയുമ്പോൾ ഗാസയിൽനിന്ന് രക്ഷപ്പെടാൻ ഒരുവഴിയുമില്ലാതെ പലസ്തീൻ ജനത. ഇസ്രയേലിനും ഈജിപ്തിനും മെഡിറ്ററേനിയൻ കടലിനുമിടയിലെ 40 കിലോമീറ്റർ നീളം മാത്രമുള്ള ഈ പ്രദേശം ലോകത്തെ ഏറ്റവും വലിയ തടവറയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവിടെ തിങ്ങിപ്പാർക്കുന്ന 23 ലക്ഷത്തിൽപ്പരം ജനങ്ങൾ എങ്ങോട്ട് രക്ഷപ്പെടുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ഈജിപ്തിലേക്ക് കൂട്ടപ്പലായനം അനുവദിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയധികം ആളുകൾ ഇരച്ചെത്തിയാൽ താങ്ങാനാകില്ലെന്നും ചിട്ടയോടെയുള്ള പലായനത്തിന് സാഹചര്യം ഒരുക്കണമെന്നുമാണ് ആവശ്യം. എന്നാൽ, ഗാസയിൽനിന്ന് ഈജിപ്തിലേക്കുള്ള പാതയായ റാഫാ ഇടനാഴിയിലടക്കം ഇസ്രയേൽ വൻതോതിൽ ആക്രമണം അഴിച്ചുവിടുന്നത് ഇവിടവും പലസ്തീൻ ജനതയ്ക്ക് സുരക്ഷിതമല്ലാതാക്കുന്നു. ഇസ്രയേൽ ആക്രമണം ശക്തമായതോടെ, ഈജിപ്ത് ഇടനാഴി അടച്ചതോടെ ഇവിടെ ആയിരക്കണക്കിന് ആളുകളാണ് കാത്തുനിൽക്കുന്നത്.
ഗാസയെ പൂർണമായും ഒറ്റപ്പെടുത്തുമെന്ന് രണ്ടുദിവസം മുമ്പ് പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ജനങ്ങൾ ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ, വ്യോമാക്രമണം ശക്തമാക്കിയ ഇസ്രയേൽ സൈന്യം ഫോസ്ഫറസ് ബോംബുകളും വ്യാപകമായി ഉപയോഗിക്കുന്നു. അഭയം തേടുന്ന സർക്കാർ കെട്ടിടങ്ങളും ആശുപത്രികളും സ്കൂളുകളുമെല്ലാം ആക്രമിക്കപ്പെടുമ്പോൾ പകച്ചുനിൽക്കുകയാണ് ഇവിടുത്തെ ജനങ്ങൾ.
അമേരിക്ക വാഗ്ദാനം ചെയ്ത ആധുനിക യുദ്ധോപകരണങ്ങളുമായി ചരക്കുവിമാനങ്ങൾ എത്തിയ ദൃശ്യങ്ങളും ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. കൂടുതൽ ആയുധങ്ങൾ വരുംദിനങ്ങളിൽ നൽകുമെന്ന് പ്രഖ്യാപിച്ച അമേരിക്ക, എന്തൊക്കെ ആയുധങ്ങളാണ് നൽകുന്നതെന്ന് പുറത്തുവിട്ടിട്ടില്ല.
അതിനിടെ, ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം 15 വർഷത്തിനുള്ളിൽ 6407 പലസ്തീൻകാരാണ് ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇക്കാലയളവിൽ 308 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.