ന്യൂഡൽഹി
മണിപ്പുർ ഹൈക്കോടതിയിൽ ഉടൻ ചീഫ് ജസ്റ്റിസിനെ നിയമിക്കുമെന്ന് സുപ്രീംകോടതിക്ക് ഉറപ്പുനൽകി കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതി ജഡ്ജി സിദ്ധാർഥ് മൃദുലിനെ മണിപ്പുർ ഹൈക്കോടതി ജഡ്ജിയായി ഉയർത്താമെന്ന കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാത്തതിൽ സുപ്രീംകോടതി നേരത്തേ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും ഉടൻ നിയമനവിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കേന്ദ്രസർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. അടുത്ത വാദംകേൾക്കലിനു മുമ്പ് നിയമനം നടന്നില്ലെങ്കിൽ ഭവിഷ്യത്തുണ്ടാകുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻകൗൾ പ്രതികരിച്ചു.