തിരുവനന്തപുരം> “പൈലറ്റാകാനുള്ള സ്വപ്നത്തിന് ചിറകു നൽകിയത് എൽഡിഎഫ് സർക്കാരാണ്. ഇതിനുള്ള മുഴുവൻ ഫീസും ഘട്ടം ഘട്ടമായി നൽകുന്നുണ്ട്. സുരേഷ് ഗോപിയാണ് ഈ ഫീസ് നൽകിയതെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റാണ് “– കോട്ടയം പുതുപ്പള്ളി സ്വദേശിനിയും ആദിവാസി വിഭാഗത്തിൽനിന്നുള്ള വിദ്യാർഥിനിയുമായ കെ എം ധന്യ പറയുന്നു.
രാജീവ് ഗാന്ധി ഏവിയേഷൻ ടെക്നോളജിയിലെ ഒന്നാം വർഷ വിദ്യാർഥിയാണ് ധന്യ. രണ്ടു വർഷ കോഴ്സിന് 33.20 ലക്ഷം രൂപയാണ് ഫീസ്. ആദ്യഗഡുവായി 8.40 ലക്ഷം രൂപ പട്ടികവർഗ വികസന വകുപ്പ് നൽകി. സെപ്തംബറിൽ ക്ലാസും ആരംഭിച്ചു. ബാക്കി പണം ഘട്ടം ഘട്ടമായി നൽകും. എന്നാൽ, ധന്യക്ക് പഠനത്തിനുള്ള മുഴുവൻ പണവും സുരേഷ് ഗോപിയാണ് നൽകിയതെന്നാണ് മനോരമ ഓൺലൈൻ ഞായറാഴ്ച വാർത്ത നൽകിയത്. പിന്നാലെ ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങളും ഈ വ്യാജവാർത്ത ഏറ്റെടുത്തു. സർക്കാർ സഹായംകൊണ്ടു മാത്രമാണ് തനിക്ക് പഠനത്തിന് ചേരാനായത്. സുരേഷ് ഗോപിയോ മറ്റ് ബിജെപി പ്രവർത്തകരോ തന്നെ വിളിച്ചിട്ടുപോലുമില്ലെന്നും ധന്യ പറയുന്നു. നഗരസഭ ശുചീകരണത്തൊഴിലാളിയായ മഹേഷിന്റെയും ബിന്ദുവിന്റെയും മകളാണ്. പൈലറ്റ് പഠനത്തിനായി ഈ വർഷം രണ്ട് പട്ടികവർഗ വിദ്യാർഥികൾക്കാണ് സർക്കാർ പണം അനുവദിച്ചത്.
മനോരമയുടേത് രാഷ്ട്രീയലക്ഷ്യം
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സുരേഷ് ഗോപിയെ വിശുദ്ധനാക്കാനുള്ള മനോരമയുടെ ശ്രമമാണ് വ്യാജ വാർത്തയ്ക്കു പിന്നിൽ. ധന്യക്ക് കോഴ്സ് ഫീസിന് പുറമെ 50,000 രൂപ കോളേജിൽ കെട്ടിവയ്ക്കണം. ഈ തുക കോഴ്സ് കാലാവധി കഴിയുമ്പോൾ തിരിച്ചുനൽകും. ഇതിനുള്ള 25,000 രൂപയാണ് ആരുടെയോ അക്കൗണ്ട് വഴി അയച്ചുകൊടുത്തത്. തുടർന്നാണ് മുഴുവൻ പഠനച്ചെലവും സുരേഷ് ഗോപി ഏറ്റെടുത്തെന്ന് മനോരമ പ്രചരിപ്പിക്കുന്നത്.