അഞ്ചൽ
വനാതിർത്തിയിലെ കൃഷിയിടത്തിലെത്തിയ കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴ വനമേഖലയ്ക്കുള്ളിലെ ഡാലി മാത്രക്കരിക്കം മടാപ്പാറ ഭാഗത്തെ റബർതോട്ടത്തിൽ ഞായറാഴ്ച പുലർച്ചെയാണ് 12 വയസുള്ള കാട്ടാന ചരിഞ്ഞത്. കൊമ്പിനോട് ചേർന്ന വായയുടെ ഭാഗം, തുമ്പിക്കൈ, കഴുത്ത് എന്നിവിടങ്ങൾ ഷോക്കേറ്റ് കരിഞ്ഞു. ആന്തരികാവയവങ്ങൾക്ക് പരിക്കില്ല.
കൃഷിയിടത്തിനു മുകളിലൂടെ പോകുന്ന കെഎസ്ഇബി വൈദ്യുതിലൈനിൽ തുമ്പിക്കൈ തട്ടിയാണ് അപകടം. പുലർച്ചെ തോട്ടത്തിലെത്തിയ സമീപവാസിയാണ് ആനയുടെ ജഡം കണ്ടത്. കൊമ്പിൽ വൈദ്യുതികമ്പി കുടുങ്ങിയ നിലയിലായിരുന്നു. കുളത്തൂപ്പുഴ ഡിഎഫ്ഒ കെ ഐ പ്രദീപ് കുമാർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
തിങ്കളാഴ്ച വനം വകുപ്പ് മൃഗഡോക്ടർമാരുടെ സംഘം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ജഡം വനത്തിൽ സംസ്കരിച്ചു. ആനക്കൊമ്പ് സർക്കാരിലേക്ക് ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.