കളമശേരി
ഏലൂരിലെ എച്ച്ഐഎൽ ഫാക്ടറി ചൊവ്വാഴ്ചമുതൽ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം നിർഭാഗ്യകരമാണെന്ന് എച്ച്ഐഎൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് കെ എൻ ഗോപിനാഥ് വാർത്താക്കുറിപ്പിൽ പറഞ്ഞു. കമ്പനി അടച്ചുപൂട്ടാതെ എഫ്എസിടിയിൽ ലയിപ്പിക്കുകയോ വൈവിധ്യവൽക്കരണത്തിലൂടെ സംരക്ഷിക്കുകയോ വേണമെന്ന് സിഐടിയുവും മറ്റ് സംഘടനകളും ഒരുമിച്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്.
പാർലമെന്റിൽ എളമരം കരീം എംപിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഫാക്ടറി കൈമാറിയാൽ ഏറ്റെടുത്തുനടത്താൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് വ്യവസായമന്ത്രി പി രാജീവ് കത്തുമുഖേന കേന്ദ്ര രാസവളം കെമിക്കൽസ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതുമാണ്. അതൊന്നും പരിഗണിക്കാതെയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന്റെ ശുപാർശ അംഗീകരിച്ച് അടച്ചുപൂട്ടുന്നത്. തൊഴിലാളികളുടെ കാര്യത്തിൽ അടിയന്തര തീരുമാനം ഉണ്ടാകണമെന്നും മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറാകണമെന്നും കെ എൻ ഗോപിനാഥ് ആവശ്യപ്പെട്ടു.