തിരുവനന്തപുരം
ന്യൂസ്ക്ലിക്കിനെതിരെയുള്ള ഡൽഹി പൊലീസ് എഫ്ഐആറിനെപ്പറ്റി വാർത്ത നൽകാൻ പരമ്പരാഗത മാധ്യമങ്ങൾ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്ന് ദ ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ. ഈ മാധ്യമപ്രവർത്തകർക്ക് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കുന്നുണ്ടെങ്കിൽ അത് യഥാർഥ മാധ്യമപ്രവർത്തനമല്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമവേട്ടയാടലിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംഘടിപ്പിച്ച “മിണ്ടാനാണ് തീരുമാനം’ ഐക്യദാർഢ്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെയുഡബ്ല്യുജെ പ്രസിഡന്റ് എം വി വിനീത അധ്യക്ഷയായി. ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ന്യൂസ് ക്ലിക്കിലെ മുൻ മാധ്യമപ്രവർത്തകൻ സുബിൻ ഡെന്നീസ്, കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി ആർ കിരൺ ബാബു തുടങ്ങിയവർ പങ്കെടുത്തു.