ധർമശാല
ചാമ്പ്യൻമാരുടെ പകിട്ടുമായെത്തി ആദ്യമത്സരത്തിൽ തകർന്നടിഞ്ഞ നിരാശയിൽനിന്ന് കരകയറാനൊരുങ്ങി ഇംഗ്ലണ്ട്. ലോകകപ്പിലെ രണ്ടാംമത്സരത്തിൽ ബംഗ്ലാദേശാണ് എതിരാളി. ധർമശാലയിൽ രാവിലെ 10.30നാണ് മത്സരം. ഉദ്ഘാടനമത്സരത്തിൽ ന്യൂസിലൻഡ് ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ നാണംകെടുത്തിയത്. അയൽക്കാരായ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകർത്ത ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് എത്തുന്നത്.
പ്രധാന താരവും ഓൾറൗണ്ടറുമായ ബെൻ സ്റ്റോക്സിന്റെ പരിക്കാണ് ഇംഗ്ലണ്ട് നേരിടുന്ന പ്രധാന പ്രശ്നം. ന്യൂസിലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ടും (77) നായകൻ ജോസ് ബട്ലറും (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഓപ്പണർ ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക് എന്നിവർക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ബൗളർമാരാകട്ടെ തല്ലുകൊണ്ട് വലയുകയും ചെയ്തു. പ്രധാന ബൗളറായ ക്രിസ് വോക്സ് ആറ് ഓവറിൽ വിട്ടുകൊടുത്തത് 45 റണ്ണാണ്. സാം കറൻ ഒരു വിക്കറ്റ് നേടിയെങ്കിലും ആറ് ഓവറിൽ 47 റൺ വഴങ്ങി.
അഫ്ഗാനെതിരെ മെഹ്ദി ഹസ്സൻ മിറാസിന്റെ ഓൾ റൗണ്ട് മികവാണ് ബംഗ്ലാദേശിന് ആറ് വിക്കറ്റിന്റെ അനായാസ ജയം ഒരുക്കിയത്. മൂന്ന് വിക്കറ്റും 57 റണ്ണും നേടിയ മെഹ്ദി ഹസ്സൻതന്നെയാണ് തുരുപ്പുചീട്ട്.
മധ്യനിര ബാറ്റർ നജ്മുൾ ഹൊസൈൻ ഷാന്റോയും (59) മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണർമാരായ തൻവിദ് ഹസന്റെയും ലിറ്റൻ ദാസിന്റെയും മോശം പ്രകടനം തലവേദനയാണ്. ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും മൂന്ന് വിക്കറ്റ് നേടി ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസ്സനും ആദ്യകളിയിൽ മികവ് കാട്ടി. ആദ്യ കളിക്ക് ധർമശാലയിൽ ഇറങ്ങിയതിന്റെ പരിചയസമ്പത്തും ആത്മവിശ്വാസം നൽകും.