ചെന്നൈ
വിമർശകർ ഇനി മിണ്ടാതിരുന്ന് കളി കാണുക. കെ എൽ രാഹുലിന്റെ ബാറ്റ് എല്ലാ ചോദ്യങ്ങൾക്കും വിമർശങ്ങൾക്കും മറുപടി പറഞ്ഞിരിക്കുന്നു. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരം ഈ വിക്കറ്റ് കീപ്പർ ബാറ്ററുടെ ജീവിതത്തിൽ നിർണായകമായി. രണ്ട് റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായശേഷം വിരാട് കോഹ്ലിക്കൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 115 പന്തിൽ 97 റണ്ണുമായി പുറത്താകാതെനിന്നു. ഒടുവിൽ സിക്സറടിച്ച് വിജയമൊരുക്കി.
കാലങ്ങളായി മധ്യനിരയായിരുന്നു ടീമിന്റെ തലവേദന. അതിനൊരു പരിഹാരമായിരിക്കുന്നു. മുൻനിര തകർന്നാലും ടീമിനെ മുന്നോട്ടുനയിക്കാൻ കെൽപ്പുള്ള കളിക്കാരനായി രാഹുൽ മാറിയിരിക്കുന്നു. പലഘട്ടങ്ങളിലായി പല കാരണങ്ങൾകൊണ്ട് ഏറെ പഴി കേട്ട കളിക്കാരനാണ്. എന്നാൽ, ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ കളിയിൽ അസാമാന്യ ബാറ്റിങ് പ്രകടനവുമായി ഈ വിക്കറ്റ് കീപ്പർ വിമർശകരുടെ വായടപ്പിച്ചു. പരിക്ക് കാരണം ഏറെനാൾ പുറത്തിരുന്ന വലംകൈയൻ ബാറ്റർ ലോകകപ്പിന് തൊട്ടുമുമ്പാണ് തിരിച്ചെത്തിയത്. ടീം മാനേജ്മെന്റ് രാഹുലിന്റെ മികവിൽ പൂർണമായും വിശ്വാസം അർപ്പിക്കുകയായിരുന്നു.
2019ലെ ഇംഗ്ലണ്ട് ലോകകപ്പിൽ മധ്യനിര ബാറ്ററായാണ് ടീമിൽ ഇടംനേടുന്നത്. എന്നാൽ, ശിഖർ ധവാന്റെ പരിക്ക് കാരണം ഓപ്പണറുടെ വേഷം അണിയേണ്ടിവന്നു. 2020ന്റെ തുടക്കത്തിൽ വീണ്ടും മധ്യനിരയിലേക്ക് ഇറങ്ങി. ഋഷഭ് പന്തിന് പകരം അഞ്ചാംനമ്പറിൽ കളിച്ചു. ശേഷമുള്ള 34 ഇന്നിങ്സുകളിൽ 27ലും നാലാംനമ്പറിലോ അഞ്ചാംനമ്പറിലോ ആണ് മുപ്പത്തൊന്നുകാരൻ കളിച്ചത്. നേടിയത് 1326 റൺ. ബാറ്റിങ് ശരാശരി 66.30. മൂന്ന് സെഞ്ചുറിയും 10 അരസെഞ്ചുറിയും അതിൽ ഉൾപ്പെടും. ഓരോ രണ്ട് ഇന്നിങ്സിലും ഒരു അരസെഞ്ചുറി ആ ഇന്നിങ്സിൽ ഉണ്ടാകും.
ചെന്നൈയിൽ ഓസീസിനെതിരെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സായിരുന്നു. ബാറ്റിങ് ദുഷ്കരമായ പിച്ചിലായിരുന്നു പോരാട്ടം. ഓസീസ് സ്പിന്നർ ആദം സാമ്പയെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഇതിനുമുമ്പ് നടന്ന പ്രധാന മൂന്ന് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ എങ്ങനെ തോറ്റു എന്നതുകൂടി വിലയിരുത്തിയാലേ കോഹ്ലിയുടെയും രാഹുലിന്റെയും ഇന്നിങ്സുകളുടെ മൂല്യം മനസ്സിലാകൂ.
2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാൻ നേടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ -338 റൺ. മറുപടിക്കെത്തിയ ഇന്ത്യ രണ്ടിന് ആറു റൺ എന്ന നിലയിൽ. ഇന്നിങ്സ് 158ൽ തീർന്നു. 180റൺ തോൽവി.
2019 ലോകകപ്പ് സെമി. ന്യൂസിലൻഡിനെതിരെ ലക്ഷ്യം 240. ഇന്ത്യക്ക് മൂന്ന് റൺ എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവിൽ 221 റണ്ണിന് പുറത്തായി. 18 റണ്ണിനാണ് തോറ്റത്.
2021ലെ ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് മത്സരം. ആറു റണ്ണെടുക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ബാറ്റിങ് പിച്ചിൽ ആകെ നേടാനായത് 151 റൺ. പാകിസ്ഥാൻ 10 വിക്കറ്റിനാണ് ജയം നേടിയത്.
മൂന്ന് കളിയിലും മധ്യനിര തെളിയാത്തത് ആയിരുന്നു പരാജയ കാരണം.
ഈ ലോകകപ്പിൽ ആ കുറവ് ഇന്ത്യ നികത്തി എന്നുവേണം അനുമാനിക്കാൻ. അതിനിടെ നാലാംനമ്പറിൽ ശ്രേയസ് അയ്യരെ മാറ്റി രാഹുലിനെ ഇറക്കണം എന്ന അഭിപ്രായവും പരക്കെ ഉയരുന്നുണ്ട്.