കൊച്ചി
ഇലന്തൂർ ആഭിചാര കൊലപാതക കേസിന് ബുധനാഴ്ച ഒരു വർഷം. കടവന്ത്രയിൽ താമസിച്ചിരുന്ന തമിഴ്നാട് ധർമപുരി സ്വദേശിനി പത്മയെയും കാലടിയിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിനി റോസിലിയെയും പത്തനംതിട്ട ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയതാണ് കേസ്. പത്മയെ കാൺമാനില്ലെന്ന പരാതിയിൽ കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.
ഒന്നാംപ്രതി മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ആയുർവേദ ചികിത്സകൻ ഭഗവൽസിങ് (70) എന്നിവർ വിയ്യൂർ അതിസുരക്ഷാ ജയിലിലാണ്. മൂന്നാംപ്രതിയും ഭഗവൽസിങ്ങിന്റെ ഭാര്യയുമായ ലൈല വിയ്യൂർ വനിതാ ജയിലിലുമാണ്. 2022 ഒക്ടോബർ 11നാണ് മൂന്ന് പ്രതികളും അറസ്റ്റിലായത്. പത്മയെ 2022 സെപ്തംബർ 26നും റോസിലിയെ ജൂൺ എട്ടിനുമാണ് കൊലപ്പെടുത്തിയത്. വിചാരണയ്ക്ക് മുന്നോടിയായി മജിസ്ട്രേട്ട് കോടതി നടപടികൾക്കായി പ്രതികളെ 17ന് ഹാജരാക്കും. തുടർന്ന് വിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റും.
തുമ്പായി ഡിഎൻഎ
ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പത്മയെ കൊന്ന് 56 കഷ്ണമാക്കി ഭഗവൽസിങ്ങിന്റെ ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്. ഷാഫിയാണ് സൂത്രധാരൻ. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു മറ്റു രണ്ട് പ്രതികളുടെയും ഉന്നം. മനുഷ്യ മാംസം പ്രതികൾ പാകം ചെയ്ത് കഴിച്ചെന്നും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം, മാംസം പാകം ചെയ്ത പാത്രം, സിസിടിവി ദൃശ്യം, കവർന്ന ആഭരണം തുടങ്ങിയവയാണ് പ്രധാന തെളിവ്. പത്മയെ കൊന്നകേസിലെ കുറ്റപത്രം എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ജനുവരി ഏഴിനാണ് സമർപ്പിച്ചത്. റോസിലിയെ കൊന്ന കേസിലെ കുറ്റപത്രം ജനുവരി 21ന് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലും സമർപ്പിച്ചു.