ന്യൂഡൽഹി
ജൈവവൈവിധ്യത്താൽ സമ്പന്നമായ കൊടുംകാടുകളിൽപ്പോലും കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് വഴിവിട്ട് കൽക്കരി ഖനനാനുമതി നൽകിയതായി ‘റിപ്പോർട്ടേഴ്സ് കലക്ടീവിന്റെ’ റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ പ്രധാന ഊർജോൽപ്പാദന കമ്പനികളുടെ കൂട്ടായ്മയെക്കൊണ്ട് സമ്മർദം ചെലുത്തിയാണ് കൽക്കരിപ്പാടങ്ങൾ സ്വന്തമാക്കിയത്.
മധ്യപ്രദേശിലെ സിങ്രൗളി, ഛത്തീസ്ഗഢിലെ ഹസ്ദേവ് അരന്ദ് വനമേഖലകളിലെ രണ്ട് കൽക്കരി ബ്ലോക്കിൽ ഖനനാനുമതി തേടി 2021ൽ അസോസിയേഷൻ ഓഫ് പവർ പ്രൊഡ്യൂസേഴ്സ് കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കത്തയച്ചു. കൽക്കരിക്ഷാമം ചൂണ്ടിക്കാട്ടിയാണ് അനുമതി തേടിയത്. ഇതിന്റെ ഗുണമുണ്ടായത് അദാനി ഗ്രൂപ്പിനാണ്. സിങ്രൗളിയിൽ തങ്ങളുടെ താപവൈദ്യുതി നിലയത്തോടുചേർന്ന് കൽക്കരി ഖനനത്തിന് അവർക്ക് അനുമതി ലഭിച്ചു. ഛത്തീസ്ഗഢിലെ വനപ്രദേശത്ത് അദാനി ഗ്രൂപ്പിനുള്ള കൽക്കരി ബ്ലോക്കിനോടു ചേർന്നുതന്നെ പുതിയ ബ്ലോക്കും ലഭിച്ചു.
ജൈവവൈവിധ്യം കണക്കിലെടുത്ത് 15 കൽക്കരി ബ്ലോക്കിൽ ഖനനാനുമതി നൽകരുതെന്ന് 2018ൽ പരിസ്ഥിതി മന്ത്രാലയം കൽക്കരി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
അദാനി ഗ്രൂപ്പിന് അനുവദിച്ച ബ്ലോക്കുകളിൽ ഒന്ന് പരിസ്ഥിതി മന്ത്രാലയം വിലക്കിയ 15 ബ്ലോക്കിൽ ഉൾപ്പെടുന്നുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിർപ്പ് മറികടക്കുന്നതിനായി കൽക്കരി മന്ത്രാലയം സെൻട്രൽ മൈൻ പ്ലാനിങ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിനെക്കൊണ്ട് പുതിയൊരു പഠനം നടത്തിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടും ഖനനം പാടില്ലെന്നാണ് നിർദേശിച്ചത്. ഇതും മറികടന്നാണ് അദാനി ഗ്രൂപ്പിനായുള്ള മോദി സർക്കാരിന്റെ വഴിവിട്ട ഇടപെടൽ.