കളമശേരി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിൽ (ഇന്ത്യ) ലിമിറ്റഡിന്റെ (ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്) എറണാകുളം ഏലൂരിലെയും പഞ്ചാബിലെ ഭട്ടിൻഡയിലെയും യൂണിറ്റ് അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. പ്ലാന്റുകളുടെ പ്രവർത്തനം ചൊവ്വാഴ്ച നിർത്തണമെന്ന ഡൽഹിയിലെ കേന്ദ്ര ഓഫീസിന്റെ ഉത്തരവ് യൂണിറ്റ് മേധാവികൾക്ക് ലഭിച്ചു.
രണ്ട് യൂണിറ്റ് അടച്ചുപൂട്ടാനും മുംബൈ രസായണി യൂണിറ്റുമാത്രം നിലനിർത്താനും നിർദേശിച്ച് കേന്ദ്ര രാസവസ്തു–-രാസവളംവകുപ്പ്, കമ്പനി സിഎംഡിക്ക് കത്തയച്ചിരുന്നു. ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദിപം) സെപ്തംബർ 25ന് അടച്ചുപൂട്ടൽ അംഗീകരിച്ചു. ഇതനുസരിച്ചാണ് പ്ലാന്റ് പൂട്ടാൻ നിർദേശിച്ചത്. മൂന്ന് പ്ലാന്റുകളും രണ്ട് ഫോർമുലേഷൻ യൂണിറ്റുമാണ് കമ്പനിയിലുള്ളത്. നിലവിലെ തൊഴിലാളികളെ എന്തുചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല.
48 തൊഴിലാളികളാണ് ഏലൂർ യൂണിറ്റിലുള്ളത്. ഇവർക്ക് 11 മാസമായി ശമ്പളമില്ല. മുംബൈ, ഭട്ടിൻഡ യൂണിറ്റുകളിലും ശമ്പളം കുടിശ്ശികയാണ്. കമ്പനി കൈമാറിയാൽ കേരളം ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചെങ്കിലും അനുകൂലതീരുമാനം കേന്ദ്രത്തിൽനിന്ന് ഉണ്ടായില്ല.
കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനം|
കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനമാണ് എച്ച്ഐഎൽ. മലേറിയ വ്യാപനം തടയാൻ ഡിഡിടി ഉൽപ്പാദിപ്പിക്കാനാണ് 1954ൽ സ്ഥാപിച്ചത്. പിന്നീട് എൻഡോസൾഫാൻ, ബെൻസീൻ ഹെക്സോ ക്ലോറൈഡ് (ബിഎച്ച്സി) എന്നിവയും ഉൽപ്പാദിപ്പിച്ചു. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സ്ഥാപനം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്ന കാലത്ത് കാർഷികമേഖലയ്ക്ക് കരുത്തുപകർന്ന് ഹരിതവിപ്ലവം ലക്ഷ്യത്തിലെത്തിക്കാനും കമ്പനിയുടെ ഉൽപ്പന്നങ്ങൾ സഹായിച്ചു.
പരിസ്ഥിതിപ്രശ്നങ്ങളെ തുടർന്ന് ബെൻസീനിലും ക്ലോറിനിലും അധിഷ്ഠിതമായ കീടനാശിനികൾ 1996ലും എൻഡോസൾഫാൻ ഉൽപ്പാദനം 2011ലും ഡിഡിടി ഉൽപ്പാദനം 2018ലും നിർത്തി. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 2018ൽ പേരുമാറ്റി ഹിൽ (ഇന്ത്യ) ലിമിറ്റഡ് എന്നാക്കി ജൈവ ഉൽപ്പന്നങ്ങളിലേക്ക് ചുവടുമാറ്റി. കേന്ദ്രസർക്കാർ നിലപാടുകാരണം ഉൽപ്പാദനം മുടങ്ങിയതോടെ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്നാണ് പൂട്ടാൻ തീരുമാനിച്ചത്.