കൊച്ചി
സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ പണം മുൻകൂർ ലഭ്യമാക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്നറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പദ്ധതിക്കായി പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കുക, ഉച്ചഭക്ഷണ പദ്ധതിയുടെ കൃത്യമായ ചെലവ് നിശ്ചയിച്ച് തുക മുൻകൂർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് നിർദേശം.
പദ്ധതിക്കായി മുൻകൂർ പണം നൽകുമെന്ന് 2013ൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും കുടിശ്ശിക ഭാരം പ്രധാനാധ്യാപകരിൽ അടിച്ചേൽപ്പിക്കാനാകില്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി. പദ്ധതിക്കായി 54.60 കോടി രൂപ അനുവദിച്ചതായി സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാരിൽനിന്ന് നൽകിയ ഫണ്ട് ഈ അധ്യയനവർഷം അവസാനംവരെയുള്ള ചെലവിന് തികയില്ലെന്നും സർക്കാർ വ്യക്തമാക്കി.
കേന്ദ്രവിഹിതമില്ലാതെ നടപ്പാക്കാനാകുന്നില്ലെങ്കിൽ പദ്ധതി നിർത്തിവയ്ക്കുന്നതാകും ഉചിതമെന്ന് കോടതി പറഞ്ഞു. കേന്ദ്രവിഹിതമില്ലാതെതന്നെ തുക നൽകാൻ കഴിയുമെന്നാണ് മനസ്സിലാകുന്നതെന്നും നിലവിൽ അനുവദിച്ച തുക സെപ്തംബർവരെയുള്ള ആവശ്യത്തിന് മതിയാകുമെന്നും കോടതി വിലയിരുത്തി. ഹർജി 16ന് പരിഗണിക്കാനായി മാറ്റി.