ഗാസ/ടെൽ അവീവ്
വൈദ്യുതിയും വെള്ളവുമില്ലാതെ പൂർണമായും ഒറ്റപ്പെട്ട ഗാസ പിടിച്ചെടുക്കാൻ ഇസ്രയേൽ. ഗാസാ മുനമ്പിൽ സമ്പൂർണ ഉപരോധത്തിന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച ഉത്തരവിട്ടു. അവശ്യവസ്തുക്കളുടെ വിതരണം പൂർണമായും നിർത്തലാക്കി.
നിലവിൽ വൈദ്യസഹായംപോലും ലഭിക്കാത്ത സ്ഥിതിയാണ്. അതിർത്തിയിൽ തമ്പടിച്ച ഒരു ലക്ഷം സൈനികർ അകത്തേയ്ക്ക് കടക്കാൻ ഇസ്രയേലിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ്. അതിനിടെ, ഇസ്രയേലിനെ സഹായിക്കാൻ കപ്പൽപടയും വിമാനങ്ങളും അയച്ചതായി അമേരിക്ക അറിയിച്ചു. ഗാസയിലെ മൂവായിരത്തോളം ജനവാസകേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത് . ഗാസയ്ക്കു ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രയേൽ പറഞ്ഞു. യുദ്ധം മൂന്നുദിവസമായപ്പോൾ മരണം 1300 കടന്നു. 560 പലസ്തീൻകാരും 800 ഇസ്രയേലികളും കൊല്ലപ്പെട്ടു.
ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ അമേരിക്കക്കാരെ കൂടാതെ 10 നേപ്പാളുകാരും 12 തായ്ലൻഡുകാരുമുണ്ട്.
പട്ടിണിയിലേക്ക് : ഗാസയിൽ ഭക്ഷണത്തിനും ഉപരോധം, 1,23,538
ജബാലിയ അഭയാർഥി ക്യാമ്പിലും താൽ അൽ-ഹ, ഗാസാ മുനമ്പിന്റെ വടക്കുള്ള ബെയ്റ്റ് ഹനൂൻ, ബെയ്ത് ലാഹിയ, ജബാലിയ, അൽ-ഫലൂജ പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തി.
ഗാസയിൽ 1.23 ലക്ഷംപേർ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. ജർമനിയും ഓസ്ട്രിയയും യൂറോപ്യൻ യൂണിയനും പലസ്തീനുള്ള സഹായം നിർത്തിവച്ചു.