വാഷിങ്ടൺ
ഇസ്രയേലിന് പിന്തുണയുമായി പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും അതിനോടൊപ്പമുള്ള പടക്കപ്പലുകളുമാണ് അയക്കുന്നത്. കപ്പലുകളും വിമാനങ്ങളും ഇസ്രയേലിലേക്ക് നീങ്ങിത്തുടങ്ങിയതായി യുഎസ് അധികൃതർ സ്ഥിരീകരിച്ചു. ബൈഡൻ ഞായറാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ച് പിന്തുണ അറിച്ചിരുന്നു. പ്രതിരോധസേനയ്ക്ക് വരുംദിവസങ്ങളിൽ കൂടുതൽ സഹായം ലഭിക്കുമെന്നും അറിയിച്ചു.
ഹമാസ് ആക്രമണത്തിൽ തങ്ങളുടെ പൗരർ കൊല്ലപ്പെട്ടെന്നാണ് യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നത്. കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണമോ വ്യക്തിഗത വിവരങ്ങളോ പുറത്തുവിട്ടില്ല.അതിനിടെ, യൂറോപ്യൻ യൂണിയൻ വിദേശമന്ത്രിമാർ ചൊവ്വാഴ്ച അടിയന്തര ചർച്ച നടത്തുമെന്ന് വിദേശനയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. ഇസ്രയേലിലും ഗാസയിലും രക്തച്ചൊരിച്ചിൽ തടയാൻ റഷ്യയും അറബ് ലീഗും പ്രവർത്തിക്കുമെന്ന് റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ് അറിയിച്ചു. അറബ് ലീഗ് വിദേശമന്ത്രിമാർ ബുധനാഴ്ച യോഗം ചേരും. ഹമാസിനും ഇസ്രയേലിനുമിടയിൽ മാധ്യസ്ഥ്യശ്രമം നടത്തുന്നതായും തടവുകാരുടെ കൈമാറ്റം ഉൾപ്പെടെയുള്ള – വിഷയങ്ങളിൽ ചർച്ച ശനി രാത്രിമുതൽ തുടരുകയാണെന്നും ഖത്തർ പറഞ്ഞു.
ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ നിർത്താൻ അമേരിക്കൻ പൈലറ്റ് യൂണിയൻ ആവശ്യപ്പെട്ടു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ 15 അംഗങ്ങളും അപലപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതോടെ ചേർന്ന യു എൻ രക്ഷാസമിതി അടിയന്തര യോഗത്തിൽ അഭിപ്രായ ഐക്യമുണ്ടായില്ല. സംയുക്ത പ്രസ്താവനയും ഇറക്കിയില്ല.
ഇന്റലിജന്റ്സ് വീഴ്ചയുണ്ടായെന്ന് ലാപിഡ്
ടെൽ അവീവ്
ഇസ്രയേലിൽ ഇന്റലിജന്റ്സ് വീഴ്ചയുണ്ടായതായി സമ്മതിച്ച് മുൻ പ്രധാനമന്ത്രി യായ്ർ ലാപിഡ്. ‘ഞങ്ങൾക്ക് ഇന്റലിജന്റ്സ് പരാജയം ഉണ്ടായിട്ടുണ്ട്. ഹമാസിനെ നശിപ്പിക്കുക എന്ന അത്യാവശ്യകാര്യം ചെയ്തതിനുശേഷം അത് കൈകാര്യം ചെയ്യും. ഇത് അപ്രതീക്ഷിത ആക്രമണമായിരുന്നു. അത് മറച്ചുവച്ചിട്ടുകാര്യമില്ല.
തെറ്റുകളിൽനിന്ന് പാഠം ഉൾക്കൊണ്ട നല്ല ചരിത്രം ഞങ്ങൾക്കുണ്ട്. അതാണ് ഇനിയും ചെയ്യാൻ പോകുന്നത്–- ലാപിഡ് പറഞ്ഞു. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്താൻ ഇസ്രയേൽ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.