ജെറുസലേം
ഇസ്രയേലി സൈനികരെയും ജനങ്ങളെയും ഹമാസ് ബന്ദികളാക്കിയതോടെ പ്രതിസന്ധിയിലായി ബെന്യാമിൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാർ. ബന്ദിയാക്കപ്പെട്ടവരെ രക്ഷിക്കാനുള്ള മുറവിളി രാജ്യത്ത് ഉയർന്നുതുടങ്ങി. 2006ൽ ഗിലദ് ഷാലിത് എന്ന സൈനികനെ മോചിപ്പിക്കാനായി 1000 പലസ്തീൻ തടവുകാരെ വിട്ടയക്കേണ്ടി വന്ന സ്ഥിതി ആവർത്തിക്കുമോയെന്ന ചോദ്യമാണ് പ്രതിപക്ഷമടക്കം ഉയർത്തുന്നത്. 1985-ൽ മൂന്ന് ഇസ്രയേലി തടവുകാർക്കു പകരമായി 1150 പലസ്തീൻകാരെയും മോചിപ്പിക്കേണ്ടിവന്നിരുന്നു.
ഇത്തവണ നൂറോളം പേരെയാണ് ഹമാസ് ബന്ദിയാക്കിയിരിക്കുന്നത്. 30 പേരെ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദും പിടികൂടി. ഇത് നെതന്യാഹുവിനെയും സഖ്യകക്ഷികളെയും പ്രതിസന്ധിയിലാക്കുന്നു. ഹമാസിനെതിരെ സൈന്യത്തിന്റെ മുഴുവൻ ശക്തിയും അഴിച്ചുവിടുമെന്ന നെതന്യാഹുവിന്റെ പ്രതിജ്ഞ ഗാസാ മുനമ്പിൽ ബന്ദികളായ ഇസ്രയേലി പൗരരുടെ സുരക്ഷയെക്കുറിച്ചും ഭയം ഉയർത്തുന്നു.
ഇരസയേൽ പൗരർ അവരുടെതന്നെ ബോംബാക്രമണത്തിന് ഇരയാകുകയോ ഹമാസിന്റെ ബന്ദിയായി ദീർഘനാൾ കഴിയുകയോ ചെയ്താൽ അത് നെതന്യാഹുവിനെ രാഷ്ട്രീയമായി നശിപ്പിച്ചേക്കാം. ബന്ദികളാക്കിയ നാല് ഇസ്രയേൽ പൗരർ ഇസ്രയേലിന്റെതന്നെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്.
തങ്ങൾ ബന്ദിയാക്കിയവർക്കു പകരം ഇസ്രയേൽ ജയിലുകളിലുള്ള 4500 പലസ്തീൻകാരെ മോചിപ്പിക്കാനാണ് ശ്രമമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സാധ്യമായാൽ പലസ്തീനിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാമെന്നും ഹമാസ് കണക്കാക്കുന്നു. ഗാസയെ തകർക്കുകയാണ് നെതന്യാഹു സർക്കാരിന്റെ ലക്ഷ്യം.
കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില
ഹോങ്കോങ്
ഇസ്രയേൽ–- ഹമാസ് യുദ്ധം ആരംഭിച്ചതോടെ നാലു ശതമാനത്തിലധികം കുതിച്ചുയർന്ന് ആഗോള ക്രൂഡ് ഓയിൽ വില. ഏഷ്യൻ വിപണിയിൽ ബ്രൻഡ് ക്രൂഡ് ഓയിൽ 4.7 ശതമാനം ഉയർന്ന് ബാരലിന് 86.65 ഡോളറിലേക്കും (7219.18 രൂപ) വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 4.5 ശതമാനം ഉയർന്ന് 88.39 ഡോളറിലേക്കും (7363.02 രൂപ) എത്തി.
അതിനിടെ 3000 കോടി ഡോളർ വിദേശ കറൻസി സ്വതന്ത്ര്യ വിപണിയിൽ വിൽക്കാൻ ബാങ്ക് ഓഫ് ഇസ്രയേൽ പദ്ധതിയിട്ടു. ഹമാസുമായുള്ള യുദ്ധത്തിനിടെ സാമ്പത്തിക സ്ഥിരത നിലനിർത്താനായാണ് വിൽപ്പന. ഇത് സെൻട്രൽ ബാങ്കിന്റെ ആദ്യ വിദേശ നാണയ വിൽപനയാണ്.