അബുദാബി> ഇന്ത്യ– യുഎഇ വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രാലയവും അബുദാബി ചേംബർ ഓഫ് കൊമേഴ്സും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ചേർന്ന് ഇന്ത്യൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർമാരുടെ സംഗമം നടത്തി. വൻകിട കമ്പനികളുടെ 20 സിഇഒമാർ പങ്കെടുത്തു.
സമഗ്ര സാമ്പത്തിക കരാറിന്റെ (സെപ) ഭാഗമായി കൂടുതൽ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകൾ യോഗം വിലയിരുത്തി. കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലും യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയും ചർച്ചയിൽ പങ്കെടുത്തു. ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യയുമായി സഹകരിച്ചു പൊതു സ്വകാര്യമേഖലകളിൽ ഒരുപോലെ നിക്ഷേപ സാധ്യതകളെ പ്രയോജനപ്പെടുത്തുമെന്നു യുഎഇ മന്ത്രി പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം സെപ കരാർ വന്നതോടെ കൂടുതൽ സാമ്പത്തിക സഹകരണത്തിലേക്ക് വളർന്നു. പരസ്പര സഹകരണത്തിന്റെ വലിയ വേദിയാണ് കരാർ തുറന്നത്.
കരാർ ശക്തമാക്കാൻ കൂടിക്കാഴ്ചകൾ കൂടുതൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര, സാമ്പത്തിക ഇടപാടുകൾക്ക് ഏകീകൃത രൂപം കൊണ്ടുവരാൻ കരാറിനു സാധിച്ചെന്നു കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. ഉഭയകക്ഷി വ്യാപാരത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നു അബുദാബി ചേംബർ ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു.
ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎഇ വളർന്നു.. യുഎഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഭാവി ലക്ഷ്യമാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിഐഐ പ്രസിഡന്റ് ആർ. ദിനേശ്, അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു