കരിപ്പൂർ
വിമാനത്താവള വികസനത്തിനുവേണ്ടി സ്ഥലം വിട്ടുനൽകിയവർക്ക് നൽകാൻ സംസ്ഥാന സർക്കാർ 25.25 കോടി രൂപകൂടി അനുവദിച്ചു. നേരത്തെ 18.25 കോടി അനുവദിച്ചിരുന്നു. അവശേഷിക്കുന്ന 28 കോടി രൂപയും ഉടൻ നൽകും. ഭൂമിയേറ്റെടുക്കലിന് 71 കോടി രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കരിപ്പൂരിലെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരിക്കാനാണ് സ്ഥലം ഏറ്റെടുത്തത്.
ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായി വീടൊഴിഞ്ഞുപോകുന്നവർക്ക് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ വിതരണംചെയ്യുന്നത്. ഇതടക്കമുള്ള തുക തിങ്കളാഴ്ച ജില്ലാ ട്രഷറിയിൽ ബില്ലായി സമർപ്പിക്കും. വീട് വിട്ടൊഴിയുന്ന 11 ഭൂവുടമകളെയാണ് തുക വിതരണത്തിൽ ആദ്യം പരിഗണിക്കുക. ഇവർ വീട് വിട്ടൊഴിഞ്ഞുപോകുന്നതിനാലാണ് ആദ്യ പരിഗണനയിൽ ഉൾപ്പെടുത്തിയതെന്ന് ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമിയുടെ രേഖകൾ പൂർണമായി നൽകിയവർക്കും പിന്നാലെ തുക വിതരണംചെയ്യും.
വീടുവിട്ടൊഴിയുന്നവരുടെ സ്ഥലസംബന്ധമായ രേഖകളുടെ പരിശോധന റവന്യൂ ഉദ്യോഗസ്ഥർ പൂർത്തിയാക്കി. രേഖകളിൽ കൃത്യതയില്ലാത്തവർക്ക് വിവരങ്ങൾ നൽകാൻ അധിക സമയം അനുവദിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ രേഖ പരിശോധനയും നഷ്ടപരിഹാര വിതരണവും പൂർത്തിയാക്കാനാകും. ഭൂമി വിട്ടുനൽകാൻ തയ്യാറായി കൂടുതൽ ആളുകൾ ഉദ്യോഗസ്ഥരെ സമീപിക്കുന്നുണ്ട്. ഭാഗികമായി ഏറ്റെടുത്ത ഭൂമിയുടെ ബാക്കി ഭാഗവും വിട്ടുനൽകാൻ തയ്യാറായാണ് കൂടുതൽ പേരും എത്തുന്നത്. വഴി നഷ്ടപ്പെട്ടവർക്കുൾപ്പെടെ ഉയർന്ന നഷ്ടപരിഹാരത്തുകയാണ് സംസ്ഥാന സർക്കാർ നൽകിയത്. വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുതരില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഭൂവുടമകളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും സർക്കാർ ഉയർന്ന നഷ്ടപരിഹാരം നൽകി ചേർത്തുപിടിച്ചതിനാലാണ്.