കൊച്ചി
കോടതിമുറിയിൽ വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ വസ്ത്രധാരണം കാലാനുസൃതമായി പരിഷ്കരിക്കാൻ തീരുമാനിച്ചതായി ഹെെക്കോടതി ചീഫ് ജസ്റ്റിസ് എ ജെ ദേശായി പറഞ്ഞു. ഹെെക്കോടതി ഓഡിറ്റോറിയത്തിൽ കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ 69–-ാം വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാരിക്കൊപ്പം മറ്റ് വേഷങ്ങളും ഔദ്യോഗികമായി അംഗീകരിക്കാനാണ് തീരുമാനം. ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജുഡീഷ്യൽ ഓഫീസർമാരിൽ 48 ശതമാനത്തോളം വനിതകളാണ്. മറ്റൊരു സംസ്ഥാനത്തും ഇത്രയേറെ വനിതാ ഓഫീസർമാരില്ല. കേരളത്തിലെ ജില്ലാ ജുഡീഷ്യറി നീതിന്യായനിർവഹണത്തിൽ രാജ്യത്തുതന്നെ മുന്നിലാണ്. ജില്ലാ ജുഡീഷ്യറി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും നീതിന്യായനിർവഹണം കാര്യക്ഷമമാക്കാനുമായി എല്ലാ ജില്ലകളിലെയും ജുഡീഷ്യൽ ഓഫീസർമാരുമായി നേരിട്ട് സംവദിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി എ മുഹമ്മദ് മുഷ്താക് മുഖ്യാതിഥിയായി.
സംസ്ഥാന പ്രസിഡന്റ് എൻ ശേഷാദ്രിനാഥൻ അധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി എം ജി രാകേഷ്, ജുഡീഷ്യൽ ഓഫീസേഴ്സ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി കെ ബൈജു തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന ജഡ്ജിമാരെ ആദരിച്ചു. കലാകായികമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജഡ്ജിമാരുടെ കലാപരിപാടികളും നടന്നു.