അഡോൾഫ് ഐക്മനെ ഓർമയില്ലേ? ഹിറ്റ്ലർ നടപ്പാക്കിയ ജൂതവംശഹത്യയുടെ സൂത്രധാരന്മാരിൽ ഒരാൾ. ഹിറ്റ്ലറുടെ പതനത്തിന് ശേഷം അമേരിക്കൻ സൈനികരുടെ പിടിയിലായെങ്കിലും പിന്നീട് തടവുചാടി ഒരു പുരോഹിതന്റെ സഹായത്തോടെ വ്യാജവിലാസം സംഘടിപ്പിച്ച് അർജന്റീനയിലേക്ക് കടന്ന് കുടുംബത്തോടൊപ്പം സുഖമായി ജീവിച്ച തന്ത്രശാലി. പതിറ്റാണ്ടിന് ശേഷം അയാളെ കണ്ടെത്തി അവിടെനിന്ന് പൊക്കിയതാണ് മൊസാദിന്റെ ഏറ്റവും പ്രസിദ്ധമായ ദൗത്യവിജയം.
ഇസ്രയേലി ചാരസംഘടനയുടെ തൊപ്പിയിൽ പിന്നെയും നിരവധി പൊൻതൂവലുകൾ ചാർത്തപ്പെട്ടു. ഇറാഖിന്റെയും ഇറാന്റെയും ആണവശാസ്ത്രജ്ഞരെ തെരഞ്ഞുപിടിച്ച് വധിക്കുന്നതും അവരുടെ പരിപാടിയാണ്. അത്യന്തം കൃത്യതയോടെ ദൗത്യങ്ങൾ നിറവേറ്റുന്നതിൽ അമേരിക്കയുടെ സിഐഎയെക്കാൾ മിടുക്കർ എന്നുപോലും വാഴ്ത്തപ്പെട്ടു. എന്നാൽ മൊസാദിന് ആരാധകർ ചാർത്തിയ പ്രഭാവലയം കരിഞ്ഞുപോയ ദിനമായിരുന്നു ശനിയാഴ്ച.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഏകധ്രുവ ലോകത്തിന്റെ എതിരില്ലാത്ത നായകൻ എന്നഹങ്കരിച്ചിരുന്ന അമേരിക്കയുടെ അഹന്തയുടെ തലയ്ക്ക് 9/11 ഭീകരാക്രമണത്തിലൂടെ അൽഖായ്ദ നൽകിയ അടിപോലെ ഊക്കേറിയ ഒന്നാണ് തീവ്രമായ ഉപരോധദുരിതത്തിൽ കഴിയുന്ന ഗാസയിലെ ഹമാസുകാർ നൽകിയത്. മൊസാദിന്റെയും ഇസ്രയേലി സൈന്യത്തിന്റെയും കണ്ണുവെട്ടിച്ച് ഒരു മൊട്ടുസൂചി പോലും ഗാസയിലേക്കോ അവിടെ നിന്നോ കടത്താനാവില്ല. എന്നാൽ അതിസൂക്ഷ്മമായ ആസൂത്രണത്തോടെ നൂറുകണക്കിന് ഹമാസുകാർ കരയിലൂടെയും കടലിലൂടെയും വായുവിലൂടെയും ഇസ്രയേലിൽ കടന്ന് ആക്രമണം നടത്തിയപ്പോൾ 10 മണിക്കൂറോളം നെതന്യാഹു ഭരണകൂടം സ്തംഭിച്ചു. അവരുടെ ആദ്യപ്രതികരണത്തിന് തന്നെ മണിക്കൂറുകളെടുത്തു.
ക്ഷമയുടെ നെല്ലിപ്പലക കണ്ടാണ് ഓരോ പലസ്തീൻകാരനും ജീവിക്കുന്നത്. 10/7ൽ ഇസ്രയേലിനെ വിറപ്പിച്ച ഹമാസ് മതാധിഷ്ഠിത പാർടിയാണെങ്കിലും ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിലൂടെ 2006ൽ ഭൂരിപക്ഷം നേടിയവരാണ്. ഇന്ത്യയിൽ ബിജെപി അധികാരം നേടിയതുപോലെ. എന്നാൽ ഇന്ത്യയുടെ നൂറിലൊന്ന് പോലും ജനസംഖ്യയില്ലാത്ത പലസ്തീനിലെ ജനവിധി അംഗീകരിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ വിസമ്മതിച്ചു. അത് ഹമാസിന്റെ ജനപ്രീതി കൂട്ടുകയാണ് ചെയ്തത്. അതുകൊണ്ട് ഹമാസിന്റെ എതിരാളിയായ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് പോലും 10/7 ആക്രമണത്തെ പലസ്തീൻ ജനതയുടെ പോരാട്ടമായി ശ്ലാഘിക്കേണ്ടി വന്നിരിക്കുന്നു.
ക്ഷീണം മാറ്റാൻ ഇസ്രയേൽ കടുത്ത തിരിച്ചടിക്കൊരുങ്ങും എന്നറിയാതെയാവില്ല ഹമാസ് സാഹസത്തിന് തയ്യാറായത്. ഇസ്രയേലിനുണ്ടായ നാണക്കേട് പലസ്തീൻ ജനതയ്ക്കാകെ ആവേശം പകർന്നിട്ടുണ്ട്. അരനൂറ്റാണ്ട് മുമ്പ് വിയത്നാം അമേരിക്കയെ അടിയറവ് പറയിച്ചത് പോലെ ഒരുവിജയമാണ് പലസ്തീൻ ജനത സ്വപ്നം കാണുന്നത്. സ്വാതന്ത്ര്യമോഹത്തെയും ജനാധിപത്യാഭിലാഷങ്ങളെയും ഏറെക്കാലം അടിച്ചമർത്താനാവില്ല എന്ന പാഠവും പലസ്തീൻകാർ ഇന്ത്യയിലടക്കമുള്ള എല്ലാ ഫാസിസ്റ്റുകൾക്കും നൽകുന്നുണ്ട്.