തിരുവനന്തപുരം
“‘തെരുവിൽ വെടിയൊച്ചകൾ തുടരുന്നു, പുറത്തിറങ്ങിയാൽ ജീവനുണ്ടാകില്ല, പിന്തുടരുകപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന യാത്രക്കാർ, കാണാതാകുന്നവരുടെ എണ്ണമോ അവരുടെ അവസ്ഥയോ അറിയില്ല?’’–- ഭീതിമുനമ്പിൽനിന്ന് യുദ്ധം തീർത്ത പ്രതിസന്ധി വിവരിക്കുകയാണ് മിനു ജെയ്സൺ. ദക്ഷിണ ഇസ്രയേലിലെ ബെർഷവെയിൽ നഴ്സാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിനി മിനു.
ശനി പകൽ രണ്ടുമുതൽ ബെർഷവെയിലേക്ക്ഷെല്ലാക്രമണം ഉണ്ടായിട്ടില്ല. ഗാസ അതിർത്തിയിൽ വലിയ സുരക്ഷാ പ്രശ്നമുണ്ട്. നിലവിൽ വലിയ ആക്രമണം നടക്കുന്നത് ഇവിടെയാണെന്നും മിനു പറഞ്ഞു. ബെർഷവെയിൽ അമ്പതോളം മലയാളികളുണ്ട്. എല്ലാവരുടെ വീടുകളിലും സുരക്ഷാമുറികളുമുണ്ട്. ഇടയ്ക്കിടെ ആക്രമണമുണ്ടാകുന്നതിനാൽ എല്ലാവരും സാഹചര്യമനുസരിച്ച് സുരക്ഷിതരാകാൻ പഠിച്ചു. ഷെൽ ഏതുവശത്തേക്കാണോ വരുന്നത് അവിടെ സൈറൺ ശബ്ദം കേൾക്കാം. ഇത് കേട്ടയുടൻ സുരക്ഷാമുറിയിലേക്ക് മാറണമെന്നാണ് നിയമം. ഇത് കർശനമായി പാലിച്ചാൽ സുരക്ഷിതരാകാം. ചില പഴയ വീടുകളിൽ സുരക്ഷാമുറികൾ ഉണ്ടാകില്ല. ഇവിടെയുള്ളവർക്കായി പൊതു ബങ്കറുകളുണ്ട്. അത് എവിടെയൊക്കെയാണെന്ന് എല്ലാവർക്കുമറിയാം. യുദ്ധമുണ്ടായാൽ ബങ്കറുകൾ തുറന്നിടും. സൈറൺ ശബ്ദം കേട്ടാൽ ഇവിടേക്ക് ആളുകൾ മാറും–- മിനു പറഞ്ഞു.
ജോലിക്കും പഠനാവശ്യങ്ങൾക്കുമായി 7000 മലയാളികൾ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇതിൽ 500 പേർ മാത്രമാണ് നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്തത്. സംഘർഷം രൂക്ഷമായ ഗാസയിൽ 10 മലയാളികളും ഉണ്ട്. 2021ൽ സംഘർഷത്തിനിടെ ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു.