ഗാസ
പെട്ടെന്നൊരു നാൾ പൊട്ടിപ്പുറപ്പെട്ട യുദ്ധമല്ല ഗാസയിൽ ഇപ്പോൾ നടക്കുന്നത്. മറിച്ച്, പതിറ്റാണ്ടുകളായി തുടർ പ്രകോപനങ്ങൾ സൃഷ്ടിച്ച് വെസ്റ്റ് ബാങ്കിനെ അസ്ഥിരമായും സംഘർഷഭരിതമായും നിലനിർത്താൻ ഇസ്രയേൽ പ്രകടിപ്പിക്കുന്ന ജാഗ്രതയുടെ പരിണതഫലമാണ്. കുട്ടികളടക്കം പലസ്തീൻകാരെ ദിനംപ്രതിയെന്നവണ്ണം വെടിവച്ച് കൊല്ലുന്നതുമുതൽ, ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതും മുസ്ലിങ്ങളുടെ വിശുദ്ധ കേന്ദ്രങ്ങൾ ആക്രമിക്കുന്നതുമടക്കം നിരന്തര പ്രകോപനങ്ങളാണ് ഇസ്രയേൽ തുടരുന്നത്.
രണ്ടുവർഷമായി, സമീപചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സംഘർഷത്തിനാണ് മേഖല സാക്ഷ്യം വഹിക്കുന്നത്. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ അധിനിവേശത്തിന്റെ 16 വർഷത്തിലെ ഏറ്റവും രക്തരൂഷിത വർഷമായിരുന്നു 2022 എന്ന് യുഎൻ. 30 കുട്ടികൾ ഉൾപ്പെടെ 170 പലസ്തീൻകാർ കൊല്ലപ്പെട്ടു. 9000 പേർക്ക് പരിക്കേറ്റു. എന്നാൽ, 2023ൽ നിലവിലെ ഏറ്റുമുട്ടൽ ആരംഭിക്കുന്നതിനുമുമ്പ് ഈ വർഷം 259 പലസ്തീൻകാരെയാണ് ഇസ്രയേൽ കൊന്നൊടുക്കിയത്.
ജൂലൈയിൽ ജെനിൻ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 13 പലസ്തീൻകാർ കൊല്ലപ്പെട്ടു. ബുൾഡോസറുകൾ ഉപയോഗിച്ച് താൽക്കാലിക കെട്ടിടങ്ങൾ ഇടിച്ചുനിരത്തി അകത്തുകടന്നായിരുന്നു ‘തീവ്രവാദികൾക്കായുള്ള തിരച്ചിൽ’ എന്ന പേരിലുള്ള നരവേട്ട. ലോകത്ത് മുസ്ലിങ്ങളുടെ മൂന്നാമത്തെ പ്രധാന ആരാധനാകേന്ദ്രമായ അൽ അഖ്സ മസ്ജിദിലേക്ക് 2021ലും ഈ വർഷവും ഇസ്രയേൽ സൈന്യം കടന്നുകയറി ആക്രമണം നടത്തി. 2021ൽ ഹമാസ് തിരിച്ചടിച്ചതോടെ മറ്റിടങ്ങളിലേക്കും സംഘർഷം വ്യാപിച്ചിരുന്നു. 11 ദിവസം നീണ്ട ഏറ്റുമുട്ടലിൽ 250 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈ വർഷം പള്ളിയിൽ കടന്നുകയറിയ ഇസ്രയേൽ സൈന്യം പലസ്തീൻകാരായ വിശ്വാസികളെ തല്ലിച്ചതച്ചു.
ഗാസ ഭരിക്കുന്ന ഹമാസിന്റെ തുടർ മുന്നറിയിപ്പുകൾ അവഗണിച്ച് ഇസ്രയേൽ സുരക്ഷാമന്ത്രി ബെൻ ഗ്വീർ ഒരു വർഷത്തിനിടെ മൂന്നുതവണയാണ് ജൂതവിഭാഗക്കാർ ടെമ്പിൾ മൗണ്ട് എന്നുവിളിക്കുന്ന അൽ അഖ്സ സന്ദർശിച്ചത്. അൽ അഖ്സ പിടിച്ചെടുത്ത് ജൂത ആരാധനാകേന്ദ്രമാക്കുമെന്ന പ്രചാരണവുമുണ്ട്. ബെന്യാമിൻ നെതന്യാഹു അധികാരത്തിൽ തിരിച്ചെത്തിയശേഷം വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ പൂർവാധികം ശക്തമായി പുനരാരംഭിച്ചു. മേഖലയുടെ ഭരണച്ചുമതല ധനമന്ത്രിക്ക് നൽകി. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ദ്വിരാഷ്ട്ര പരിഹാരം തൃണവൽഗണിച്ച്, അമേരിക്കയുടെ പരസ്യപിന്തുണയോടെ നടക്കുന്ന പ്രവർത്തനങ്ങൾ പലസ്തീൻകാരെയും ഹമാസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ലോകമെമ്പാടും എന്നപോലെ, ഇസ്രയേലിലും സർക്കാരുകൾക്ക് രാഷ്ട്രീയ പ്രതിസന്ധിയുണ്ടായപ്പോഴെല്ലാം വെസ്റ്റ് ബാങ്കിൽ സംഘർഷമുണ്ടായിരുന്നു. അഴിമതിക്കേസുകളിൽനിന്ന് രക്ഷനേടാൻ നിയമസംവിധാനംതന്നെ അഴിച്ചുപണിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ നെതന്യാഹു. നീക്കത്തിനെതിരായ ഹർജി കോടതി പരിഗണിക്കവെയാണ് നിലവിലെ പ്രശ്നങ്ങൾ എന്നതും ശ്രദ്ധേയമാണ്.