കരുനാഗപ്പള്ളി
കടലും കടൽ സമ്പത്തും സംരക്ഷിക്കാൻ മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും ഒന്നിച്ചണിനിരക്കണമെന്ന ആഹ്വാനവുമായി പര്യടനം നടത്തുന്ന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കാൽനട ജാഥയ്ക്ക് കൊല്ലത്ത് ആവേശോജ്വല വരവേൽപ്പ്. ‘കടൽ കടലിന്റെ മക്കൾക്ക്’ എന്ന മുദ്രാവാക്യമുയർത്തി തീരദേശങ്ങളിൽ സമരത്തിരമാല തീർത്ത് മുന്നേറുന്ന ജാഥയ്ക്ക് ജില്ലാഅതിർത്തിയായ അഴീക്കലിൽ ഞായർ രാവിലെ ലഭിച്ചത് വമ്പിച്ച സ്വീകരണം. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായി ആലപ്പുഴ-–-കൊല്ലം ജില്ലകളെ അഴിമുഖത്തിനു മുകളിലൂടെ ബന്ധിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ് ആർച്ച് പാലമായ വലിയഴീക്കൽ–-അഴീക്കൽ പാലത്തിലൂടെയാണ് ജാഥ എത്തിയത്.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്സിക്കുട്ടിഅമ്മ, കെ വരദരാജൻ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എംഎൽഎ, സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ തുടങ്ങിയവർ ജാഥാ ക്യാപ്റ്റനും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി പി ചിത്തരഞ്ജൻ എംഎൽഎ, വൈസ് ക്യാപ്റ്റൻമാരായ ടി മനോഹരൻ, യു സൈനുദീൻ, മാനേജർ ക്ലൈനസ് റൊസാരിയോ എന്നിവരെ ഹാരമണിയിച്ചു.
അഴീക്കലിൽ ആദ്യ സ്വീകരണയോഗം ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. പ്രേംകുമാർ അധ്യക്ഷനായി. മത്സ്യത്തൊഴിലാളി ഗ്രാമമായ ആലപ്പാടിന്റെ ഹൃദയഭൂവിലൂടെയായിരുന്നു ജാഥാ പ്രയാണം. എ എം ആരിഫ് എംപി, സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, സുനിതാ കുര്യൻ തുടങ്ങിയവരും ജാഥയുടെ ഭാഗമായി. സുനാമി ദുരന്ത സ്മാരകത്തിൽ ജാഥാ ക്യാപ്റ്റനും ജാഥാംഗങ്ങളും പുഷ്പചക്രം അർപ്പിച്ചു. വെള്ളനാതുരുത്തിലെ സമാപന സമ്മേളനം എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്തു. വേണു അധ്യക്ഷനായി.