തൃശൂർ
വടക്കാഞ്ചേരി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനും സിപിഐ എം ലോക്കൽ കമ്മിറ്റിയംഗവുമായ പി ആർ അരവിന്ദാക്ഷനെതിരെ വസ്തുതാവിരുദ്ധ വിവരങ്ങൾ ആവർത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇദ്ദേഹത്തിന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിൽ 63,56,460 രൂപയുടെ ഇടപാട് നടന്നുവെന്ന തെറ്റായ വിവരം ഇഡി വിചാരണകോടതിയിലും നൽകി.
സെപ്തംബർ അവസാനം ഇഡി ആവശ്യപ്പെട്ട പ്രകാരം നഗരസഭയിലെ 28 –-ാം വാർഡിൽ പാലയിൽ രാഘവന്റെ ഭാര്യ ചന്ദ്രമതിയുടെ അക്കൗണ്ട് വിവരം ബാങ്ക് അധികൃതർ കൈമാറിയിരുന്നു. ഇ മെയിൽ വഴിയാണ് വിവരങ്ങൾ നൽകിയത്. എന്നാൽ, ഈ അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ പുത്തൻപുരയ്ക്കൽ വീട്ടിൽ രാഘവന്റെ ഭാര്യ ചന്ദ്രമതിയുടേതാണ് എന്നാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ഇഡി ആവശ്യപ്പെടുന്ന മൊഴി നൽകാത്തതിന് മർദിച്ചതായി നേരത്തേ അരവിന്ദാക്ഷൻ പറഞ്ഞിരുന്നു. ഇതിനിടെ, ബാങ്ക് സെക്രട്ടറി ടി ആർ രാജനെ രണ്ടുതവണ കൊച്ചി ഇഡി ഓഫീസിലേക്ക് വിളിപ്പിച്ച് അക്കൗണ്ട് വിവരം നൽകുന്നതിൽ ബാങ്കിന് തെറ്റുപറ്റിയെന്ന തരത്തിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. എഴുതി നൽകില്ലെന്ന് സെക്രട്ടറി അറിയിച്ചു.
യഥാർഥ അക്കൗണ്ട് ഉടമയായ പാലയിൽ വീട്ടിൽ ചന്ദ്രമതി കഴിഞ്ഞവർഷവും ഭർത്താവ് രാഘവൻ മൂന്നുവർഷം മുമ്പും മരിച്ചു. ഇവരുടെ അക്കൗണ്ടിൽ നടന്ന ഇടപാടിനെ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലാക്കി അതിന്റെ ഉറവിടം വ്യക്തമാക്കിയില്ലെന്നാണ് ഇഡി തുടർച്ചയായി കോടതിയിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള ഭൂമിയും വീടും പണയപ്പെടുത്തി ബാങ്കിൽനിന്ന് 20 ലക്ഷം രൂപ വായ്പയെടുത്ത വിവരവും ഇഡി മറച്ചുവച്ചു.