മലയാള ഭാഷയ്ക്ക് പൊതുവെയും ഗാനസാഹിത്യത്തിന് പ്രത്യേകിച്ചും തനതായ സംഭാവനകൾ നൽകിയ മഹനീയ വ്യക്തിത്വമെന്നനിലയിൽ ശ്രീകുമാരൻ തമ്പിക്ക് വയലാർ പുരസ്കാരം ലഭിച്ചത് എല്ലാ മലയാളികളെയും സന്തോഷിപ്പിക്കും. സ്വപ്രയത്നത്താൽ കാവ്യലോകത്തും ചലച്ചിത്ര ഗാനരംഗത്ത് പ്രത്യേകിച്ചും തനതായ പീഠമുറപ്പിച്ച അദ്ദേഹത്തിനെ ആൾക്കൂട്ടത്തിനിടയിൽ തിരിച്ചറിയാൻ പലപ്പോഴും വൈകിയിരുന്നു. ആത്മകഥാപരമായ ഗദ്യപുസ്തകത്തിനാണ് പുരസ്കാരമെങ്കിലും അത് കവിതയടക്കമുള്ള ഗാനസാഹിത്യരംഗത്ത് സമർപ്പിച്ച ത്യാഗനിർഭരമായ, സുകൃതപൂർണമായ പ്രയത്നങ്ങൾക്കുള്ള ഏറ്റവും വലിയ അംഗീകാരമാണ്. കവിതയുടെ രംഗത്തേക്ക് പൂർവാധികം ഊർജസ്വലതയോടെ മടങ്ങിയെത്താൻ അദ്ദേഹത്തിന് ഇത് മാർഗമാകുമെന്നാണ് ഞങ്ങളുടെ ആശ.
കാവ്യപൂർണമായ ധാരാളം ചലച്ചിത്ര ഗാനങ്ങൾ മലയാളിക്ക് സംഭാവന ചെയ്ത ശ്രീകുമാരൻ തമ്പി പ്രതിഭാവിലാസത്തിന്റെ കാര്യത്തിൽ രണ്ടാമതാണെന്ന് സ്വയബുദ്ധിയുള്ള ഒരാളും പറയുകയില്ല. അത്രയേറെ സൗഭഗപൂർണമായ നിരവധി ഗാനങ്ങളിലൂടെ കവിതയുടെ ഉൾത്തരിപ്പുകളിലൂടെ അദ്ദേഹം മലയാളി മനസ്സിലേക്ക് കടന്നിട്ട് ദശകങ്ങൾ പിന്നിട്ടു. വൈകിയാണെങ്കിലും ശ്രീകുമാരൻ തമ്പിയെ ആൾക്കൂട്ടത്തിനിടയിൽ തിരിച്ചറിയാൻ കഴിഞ്ഞു എന്നുള്ളത് വയലാർ പുരസ്കാരത്തിന് നിശ്ചയമായും മേന്മ നൽകുന്നു എന്നത് അഭിമാനത്തോടെ ഓർമിക്കണം. വയലാർ രാമവർമയുടെയും പി ഭാസ്കരന്റെയും പാതയിലൂടെ സഞ്ചരിച്ച പ്രിയപ്പെട്ട മലയാളത്തിന്റെ ഗാനരചയിതാവിന് ഈ പുരസ്കാരം കൂടുതൽ കൂടുതൽ സർഗപരമായ കൃതികൾ രചിക്കാൻ പ്രേരണയാകും. വയലാർ പുരസ്കാരത്തിന്റെ മേന്മ വർധിപ്പിക്കുന്നതാണ് ഈ അംഗീകാരവും. എല്ലാ മലയാളികളും ശ്രീകുമാരൻ തമ്പിക്ക് ലഭിച്ച അംഗീകാരത്തിൽ നിശ്ചയമായും സന്തോഷിക്കുന്നു.