തിരുവനന്തപുരം
കവിതയോട് അടുത്തുനിൽക്കുന്ന ആഖ്യാന ശൈലിയിൽ എഴുതപ്പെട്ട ‘ജീവിതം ഒരു പെൻഡുലം’ ഓർമയുടെ ചരിത്രമാണെന്ന് വയലാർ അവാർഡ് നിർണയ സമിതി. മധ്യതിരുവിതാംകൂറിലെ മധ്യവർഗ കുടുംബത്തിന്റെ ജീവിതം പറയുന്ന പുസ്തകം ശ്രീകുമാരൻ തമ്പിയുടെ ഉയർച്ചയുടെയും നഷ്ടങ്ങളുടെയും കണ്ണീരിന്റെയും വീണ്ടെടുക്കലിന്റെയും കഥ പങ്കുവയ്ക്കുന്നു.
തന്റെ മനോഹരമായ ഗാനരചനാ ശൈലിയിൽ എഴുതിയ ആത്മകഥ അദ്ദേഹത്തിന്റെ ഗാനങ്ങൾപോലെ മലയാളികളെ ചിന്തിപ്പിക്കുകയും ചെയ്യുമെന്ന് പുരസ്കാര നിർണയ സമിതി അംഗങ്ങൾ പറഞ്ഞു. സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ തിളങ്ങിയ ശ്രീകുമാരൻ തമ്പി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത കവിതകൾ, തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ അടങ്ങുന്ന ഹൃദയസരസ്സ്, എൻ മകൻ കരയുമ്പോൾ, ശീർഷകമില്ലാത്ത കവിതകൾ, ശ്രീകുമാരൻ തമ്പിയുടെ കൗമാര കവിതകൾ (കവിതാ സമാഹാരങ്ങൾ), കാക്കത്തമ്പുരാട്ടി, കുട്ടനാട്, കടലും കരളും, ഞാനൊരു കഥ പറയാം (നോവലുകൾ), അച്ചുതണ്ട് (നാടകം), ശ്രീകുമാരൻ തമ്പിയുടെ ചെറുകഥകൾ, ആത്മകഥയിലെ പെൺമനസ്സുകൾ (ലേഖനങ്ങൾ), മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയപുരസ്കാരം നേടിയ സിനിമ: കണക്കും കവിതയും എന്നിവയാണ് പ്രധാന കൃതികൾ. ഉള്ളൂർ, തകഴി, ബാലാമണിയമ്മ സ്മാരക പുരസ്കാരം തുടങ്ങിയവയും ലഭിച്ചു.
ഹരിപ്പാട് സ്വദേശിയായ ശ്രീകുമാരൻ തമ്പി തിരുവനന്തപുരം പേയാടാണ് താമസം. ആദ്യകാല നായകനടനും പിന്നണിഗായകനുമായ വൈക്കം മണിയുടെ മകൾ രാജേശ്വരിയാണ് ഭാര്യ. മക്കൾ: കവിത, പരേതനായ സംവിധായകൻ രാജകുമാരൻ തമ്പി.