കൽപ്പറ്റ> അഞ്ച് വർഷംകൊണ്ട് നൂറ് പാലങ്ങൾ പൂർത്തിയാക്കാനുള്ള നടപടിയുമായി സർക്കാർ മുന്നേറുകയാണെന്നും രണ്ടാം എൽഡിഎഫ് സർക്കാർ രണ്ടര വർഷത്തിനുള്ളിൽ 80 പാലം പൂർത്തിയാക്കിയെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. പ്രവൃത്തി മുടങ്ങിക്കിടന്നതും സാങ്കേതിക തടസ്സം നേരിട്ടതുമായ പാലങ്ങളുടെ പ്രവൃത്തിയാണ് പ്രത്യേക ഇടപെടൽ നടത്തി പൂർത്തിയാക്കിയത്. പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പാലങ്ങൾ ദീപാലംകൃതമാക്കും. ഓവർബ്രിഡ്ജുകളുടെ താഴത്തെ ഭാഗം വയോജനപാർക്ക്, കുട്ടികളുടെ പാർക്ക്, ടർഫ് എന്നിങ്ങനെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ മാറ്റും. വയനാടിന്റെ ടൂറിസം സാധ്യതകളെ മറ്റ് സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തുന്ന പദ്ധതികൾക്കും മുൻഗണന നൽകും. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബാണാസുര സാഗറിനെയും കുറുമ്പാല കോട്ടയെയും വേഗത്തിൽ ബന്ധിപ്പിക്കുന്നതുവഴി ടൂറിസം മേഖലയ്ക്ക് പാലം മുതൽക്കൂട്ടാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.