ഉദയ്പുർ > സഹപാഠികളുടെ പീഡനത്തിനിരയായ രണ്ട് പ്ലസ് ടു വിദ്യാർഥിനികൾ ജീവനൊടുക്കി. രാജസ്ഥാനിലെ പ്രതാപ്ഘട്ടിലാണ് സംഭവം. ബന്ധുക്കളായ പെണ്‍കുട്ടികളാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു, നാലാം പ്രതിയുടെ പങ്ക് പൊലീസ് അന്വേഷിച്ചുവരികയാണ്.
16 വയസുള്ള രണ്ട് പെൺകുട്ടികളും ബന്ധുക്കളാണെന്നും ജില്ലയിലെ പിപൽഖണ്ട് പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു സർക്കാർ സ്കൂളിൽ പഠിച്ചവരാണെന്നും പൊലീസ് പറഞ്ഞു. ജില്ലയിലെ ഘണ്ടാലി പൊലീസ് സ്റ്റേഷനു കീഴിലുള്ള നാൽപാഡ ഗ്രാമത്തിലെ വീട്ടിൽ വച്ചാണ് ഇവർ വിഷം കഴിച്ചത്. പെൺകുട്ടികളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സഹപാഠികളായ മൂന്ന് പേർക്കെതിരെ ഒരു പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ബുധനാഴ്ച നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.