വൈപ്പിൻ> മുനമ്പം വടക്കുപടിഞ്ഞാറ് കടലിൽ ഫൈബർ വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.
മാലിപ്പുറം ചാപ്പക്കടപ്പുറം സ്വദേശികളായ കൊല്ലംപറമ്പിൽ ശരത് (24), ചെപ്ലത്ത് മോഹനൻ (53) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. ശരത്തിന്റെ മൃതദേഹം രാവിലെ അഴീക്കോട് ഭാഗത്തുനിന്നും മോഹനന്റേത് ഉച്ചയോടെ ഞാറക്കൽ ഭാഗത്തുനിന്നും മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. അരൂർ പള്ളിത്തോട് തച്ചേടത്ത് യേശുദാസ് (രാജു–-54), ചാപ്പക്കടപ്പുറം പടിഞ്ഞാറെപുരയ്ക്കൽ ഷാജി (53) എന്നിവരെ ഇനിയും കണ്ടെത്താനായില്ല.
മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, നേവി, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. മുനമ്പത്തുനിന്ന് വടക്കുപടിഞ്ഞാറ് ദിശയിലാണ് വള്ളം മുങ്ങിയത്. ഏഴുപേരാണുണ്ടായിരുന്നത്. ചാപ്പക്കടപ്പുറംകാരായ ബൈജു, മണി എന്നിവരും ആലപ്പുഴക്കാരനായ ആനന്ദനും രക്ഷപ്പെട്ടു.
ശരത്തിന്റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. അച്ഛൻ: സഹജൻ. അമ്മ: ഗീത. സഹോദരി: സനിത. മോഹനന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മുരുക്കുംപാടം പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ഷീല. മക്കൾ: ആനന്ദ്, അനൂപ, അജിരാജ്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ഏരിയ സെക്രട്ടറി എ പി പ്രിനിൽ, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് തുടങ്ങിയവർ തൊഴിലാളികൾക്ക് അന്തിമോപചാരമർപ്പിച്ചു.