തിരുവനന്തപുരം> മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണത്തിന് ഐഎസ്ആർഒ തുടക്കമിടുന്നു. സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ ഈമാസം അവസാനം നടക്കും.
വിക്ഷേപണത്തിന്റെ ആദ്യ നിമിഷങ്ങളിൽ അപ്രതീക്ഷിത അപകടമുണ്ടായേക്കാം. ഇത് മുന്നിൽക്കണ്ടുള്ള ക്ഷമതാപരിശോധനയാണ് ഇത്. 26ന് നടത്താനാണ് ഇപ്പോൾ നിശ്ചിയിച്ചിരിക്കുന്നത്. സഞ്ചാരികളുമായി കുതിക്കുന്ന പേടകം (ക്രൂമോഡ്യൂൾ) ശബ്ദാതീത വേഗതയിലേക്ക് കടക്കുമ്പോൾ അപകടസാധ്യത ഏറെയാണ്. ഈ ഘട്ടത്തിൽ സാങ്കേതികത്തകരാർ ഉണ്ടായാൽ റോക്കറ്റിൽനിന്ന് വേർപെടുത്തി പേടകത്തെ ഭൂമിയിൽ ഇറക്കണം. ഒരുകൂട്ടം മോട്ടോർ പ്രവർത്തിപ്പിച്ചാണ് പേടകത്തെ ദൂരേക്ക് തൊടുത്തുവിടുക. റോക്കറ്റ് ഭൗമാന്തരീക്ഷത്തിൽ 17 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴാണ് ‘രക്ഷാദൗത്യം’ തുടങ്ങുക.
വേർപെടുന്ന പേടകത്തെ പാരച്യൂട്ടുകളുടെ സഹായത്തോടെ ബംഗാൾ ഉൾക്കടലിൽ സുരക്ഷിതമായി ഇറക്കും. നാവികസേനയുടെ സഹായത്തോടെ പേടകം വീണ്ടെടുത്ത് പഠനവിധേയമാക്കും. ഇത്തരത്തിൽ വീണ്ടും പരീക്ഷണങ്ങൾ നടത്തും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽനിന്നാകും പേടകം കുതിക്കുക. ഒറ്റഘട്ട റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുക. പരീക്ഷണപ്പറക്കലിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻനായർ പറഞ്ഞു.
നാവിഗേഷൻ, ടെലിമെട്രി തുടങ്ങിയവയുടെയെല്ലാം സൂക്ഷ്മമായി വിലയിരുത്തും. ദൗത്യം 15 മിനിറ്റ് നീളുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണങ്ങൾ പൂർത്തിയാക്കി രണ്ടു വർഷത്തിനുള്ളിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിനായി നാല് ഗഗനചാരികൾക്കുള്ള പരിശീലനവും പുരോഗമിക്കുന്നു.