തിരുവനന്തപുരം> രാഷ്ട്രീയ വിഷയങ്ങളിൽ നിയമസഭയിലടക്കം ഏകപക്ഷീയമായി നിലപാടുകൾ പ്രഖ്യാപിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശനും ദിവസവും പിണറായിക്കെതിരെ സമരം പ്രഖ്യാപിക്കുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരനും കെപിസിസി–- യുഡിഎഫ് യോഗങ്ങളിൽ തിരിച്ചടി.
സോളാർ ഗൂഢാലോചനയിൽ അന്വേഷണം നടത്തണമെന്ന് നിയമസഭയിലും വാർത്താസമ്മേളനങ്ങളിലും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ടാൽ അന്വേഷിക്കാൻ ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചിരുന്നു. തന്റെ നിലപാടാണ് അന്തിമമെന്നും കെപിസിസിയും യുഡിഎഫും യോഗം ചേർന്ന് ഇക്കാര്യം പ്രഖ്യാപിക്കുമെന്നായിരുന്നു തുടർന്ന് സതീശന്റെ അറിയിപ്പ്.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയും കെപിസിസി വിശാല എക്സിക്യൂട്ടീവും യുഡിഎഫും സോളാർ വിഷയം തൊടാൻ തയ്യാറായില്ല. ഗൂഢാലോചന അന്വേഷിച്ചാൽ കോൺഗ്രസ് നേതാക്കൾ തന്നെ കുടുങ്ങുമെന്ന് ഉത്തമബോധ്യമുള്ളതിനാൽ വെല്ലുവിളികൾ അവസാനിപ്പിച്ച് പിന്മാറുകയായിരുന്നു.
സഹകരണ വിഷയത്തിലും കോൺഗ്രസിന്റെ കേരളത്തിലെ അവസാന വാക്കാകേണ്ട കെ സുധാകരന്റെയും വി ഡി സതീശന്റെയും നിലപാടുകളെ തള്ളുകയാണ് നേതൃയോഗങ്ങളും യുഡിഎഫ് യോഗവും ചെയ്തത്. സഹകരണ കാര്യങ്ങളിൽ സർക്കാർ എടുക്കുന്ന തീരുമാനങ്ങളുമായി സഹകരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചത്. ഇഡിയുടെ ആക്രമണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നുമുള്ള മുസ്ലിംലീഗിന്റെയും സിഎംപിയുടെയും നിർദേശം കോൺഗ്രസിന് അംഗീകരിക്കേണ്ടിവന്നു. എടുത്തുചാടി എന്തെങ്കിലും ചെയ്താൽ സഹകരണ മേഖലയ്ക്കാകെ ദോഷമാകുമെന്ന നിലപാടാണ് കോൺഗ്രസ് മുതിർന്ന നേതാക്കളും സ്വീകരിച്ചത്.