കൊച്ചി> കുറ്റകൃത്യം നടന്ന സ്ഥലം (ക്രൈം സീൻ) എന്നും അതുപോലെതന്നെ കൺമുന്നിൽ കാണാൻ സാധിച്ചാലോ? ഉദാഹരണമായി ഒരാളെ കുത്തിക്കൊന്ന കേസ്. അവിടെ വീണ ചോരത്തുള്ളികൾ, കുത്തിയതാണെന്ന് സംശയിക്കുന്ന കത്തി, ചോരപുരണ്ട ചെരിപ്പ് അടയാളങ്ങൾ, മരിച്ചയാൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വസ്തുക്കൾ, കുറ്റവാളി അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഉപേക്ഷിച്ചുപോയെന്ന് കരുതുന്ന വസ്തുക്കൾ… ഇതെല്ലാം കാണുകയും ഓർമയിൽ സൂക്ഷിക്കുകയും ചെയ്യുക ആദ്യം കേസന്വേഷിക്കുന്ന ടീമായിരിക്കും. വർഷങ്ങൾക്കുശേഷം പുനരന്വേഷണം നടക്കുമ്പോഴോ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥൻ എത്തുമ്പോഴോ ക്രൈം സീനിനെക്കുറിച്ച് അറിയുക ചിത്രങ്ങളിലൂടെയോ വീഡിയോയിലൂടെയോ ആയിരിക്കും. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി ആ ക്രൈം സീനിൽ നേരിട്ട് ചെന്ന അനുഭവം സമ്മാനിക്കുകയാണ് ‘ക്രൈം സീൻ റീക്രിയേഷൻ’ സംവിധാനം.
മെറ്റാവേഴ്സിലാണ് ത്രിമാന ചിത്രവുമായി നിങ്ങളെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് വീണ്ടും കൊണ്ടുപോകുക. വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ ഉപയോഗിച്ചാണ് ക്രൈം സീൻ പുനഃസൃഷ്ടിക്കുക. ഇത് കണ്ണിൽ വച്ചാൽ ആ സ്ഥലം അന്നത്തെപ്പോലെ കൺമുന്നിൽ തെളിയും. തെളിവുകളുടെ അടുത്തെത്തി നേരിട്ട് പരിശോധിക്കുന്ന അനുഭവം നൽകാൻ ഈ സംവിധാനം സഹായിക്കും. കേരള പൊലീസ് സൈബർഡോം സഹകരണത്തോടെ കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ കീഴിലുള്ള ഗ്യാൻ ഇന്നൊവേഷൻ ലാബ് ടീമാണ് സംവിധാനം രൂപപ്പെടുത്തിയത്. ലാബ് ചീഫ് ഇന്നൊവേഷൻ ഓഫീസർ കെ ബി അനുരൂപിന്റേതാണ് ആശയം. ലാബ് സ്വന്തമായി വികസിപ്പിച്ചെടുത്ത വെംപ് (vemp) പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് സംവിധാനം രൂപപ്പെടുത്തിയത്.