കൊച്ചി> സൈബർസുരക്ഷാ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് വ്യവസായമന്ത്രി പി രാജീവ്. കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ രണ്ടുദിവസമായി നടന്ന കൊക്കൂൺ രാജ്യാന്തര സൈബർസുരക്ഷാ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ സൈബർ രംഗത്തിനുവേണ്ട സുരക്ഷ നൽകാൻ പ്രാപ്തമാണ്. ഡിജിറ്റൽ സർവകലാശാലവരെ സംസ്ഥാനത്ത് സ്ഥാപിച്ച് സർക്കാർ ഈ രംഗത്തിന് ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. എല്ലാ വീടുകളിലും കെ–-ഫോൺവഴി ഇന്റർനെറ്റും ഉറപ്പാക്കുന്നു. സൈബർസുരക്ഷയ്ക്ക് ആവശ്യമായ കണ്ടുപിടിത്തങ്ങൾ സംഭാവന ചെയ്യുന്ന കൊക്കൂൺ, ഇന്ത്യൻ സൈബർസുരക്ഷാ മേഖലയ്ക്ക് മാതൃകയാണ്. വരുംതലമുറയിൽനിന്ന് സൈബർസുരക്ഷാ വിദഗ്ധരെ സൃഷ്ടിക്കാൻ കൊക്കൂണിന് സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എംപി അധ്യക്ഷനായി. മേയർ എം അനിൽകുമാർ മുഖ്യാതിഥിയായി. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, നടി മമ്ത മോഹൻദാസ്, ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം, ഇസ്ര പ്രസിഡന്റ് മനു സഖറിയ എന്നിവർ സംസാരിച്ചു.
ഐഎസ്ആർഒ ദിവസവും നേരിടുന്നത് നൂറിലേറെ സൈബർ ആക്രമണം: എസ് സോമനാഥ്
ഐഎസ്ആർഒ ദിവസവും നൂറിലധികം സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന് ചെയർമാൻ എസ് സോമനാഥ്. കൊക്കൂൺ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോക്കറ്റുകൾക്കുള്ളിലെ ഹാർഡ്വെയർ ചിപ്പുകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി പലതരം പരിശോധനകൾ നടത്തിയാണ് ഐഎസ്ആർഒ മുന്നോട്ടുപോകുന്നത്. അതിനൂതന സോഫ്റ്റ്വെയറുകളും ചിപ് അധിഷ്ഠിത ഹാർഡ്വെയറുകളും ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതയേറെയാണ്. ഇതിനെ മറികടക്കാൻ ശക്തമായ സൈബർസുരക്ഷാ ശൃംഖലയാണ് സ്ഥാപനം സജ്ജമാക്കിയിരിക്കുന്നത്.
സാറ്റലൈറ്റുകളെ നിയന്ത്രിക്കുന്നത് പലതരത്തിലുള്ള സോഫ്റ്റ്വെയറുകളാണ്. ഇവയുടെ സംരക്ഷണത്തിന് സൈബർസുരക്ഷ അതിപ്രധാനമാണ്. നൂതന സാങ്കേതികവിദ്യകൾ ഒരേസമയം അനുഗ്രഹവും ഭീഷണിയുമാണ്. നിർമിതബുദ്ധിപോലെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സൈബർ കുറ്റവാളികൾ ഉയർത്തുന്ന ഭീഷണികളെ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് നേരിടാൻ കഴിയും. ഇതിന് പഠനവും പരിശ്രമവും ഉണ്ടാകണമെന്നും സോമനാഥ് പറഞ്ഞു.