കൊച്ചി> കരുവന്നൂർ സഹകരണ ബാങ്ക് വായ്പക്രമക്കേട് കേസിൽ കോടതിയെ കബളിപ്പിച്ച വിവരം പുറത്തായതോടെ മുഖംരക്ഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ പി ആർ അരവിന്ദാക്ഷനെതിരെ തെറ്റായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്ന വിവരം പുറത്തായതോടെയാണ് മുഖം രക്ഷിക്കാനുള്ള ഇഡിയുടെ നീക്കം.
അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ അക്കൗണ്ടിൽ 63,56,460 രൂപയുടെ ഇടപാട് നടന്നെന്നും ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന തങ്ങളുടെ റിപ്പോർട്ടിലെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് സെക്രട്ടറിയാണെന്ന് ഇഡി സത്യവാങ്മൂലത്തിൽ പറഞ്ഞു. എന്നാൽ, ചന്ദ്രമതി എന്ന് പേരുള്ള രണ്ടുപേരുടെ അക്കൗണ്ട് വിവരങ്ങളാണ് ഇഡിക്ക് കൈമാറിയതെന്ന് സെക്രട്ടറി വ്യക്തമാക്കിയതോടെ ഇഡിയുടെ കള്ളക്കളി വീണ്ടും പൊളിഞ്ഞു.