ചെന്നൈ> ചെന്നൈ നഗരത്തിൽ പതിവിനുവിപരീതമായി സന്ധ്യാനേരം തണുപ്പ് നിറഞ്ഞിരുന്നു. നേരത്തേയെത്തിയ മൺസൂൺ സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ നനവുപടർത്തി. ഇരുണ്ടുമൂടിയ ആകാശം കണ്ട് ഓസ്ട്രേലിയൻ സംഘം വൈകിട്ടത്തെ പരിശീലനം ഒഴിവാക്കി. ഇന്ത്യൻ താരങ്ങൾ പകുതിപേരും ഇറങ്ങിയില്ല.
ലോകകപ്പിന്റെ യഥാർഥ ആരവം ഉയരുന്നത് ഇന്നായിരിക്കും. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നിറഞ്ഞ ആരാധകരെ സാക്ഷിയാക്കിയാകും ഇന്ത്യ ഓസ്ട്രേലിയയെ നേരിടുക. മഴ മാറിനിൽക്കുമെന്നാണ് പ്രതീക്ഷ. പെയ്താൽതന്നെ ബുദ്ധിമുട്ട് ഉണ്ടാക്കാതെ കടന്നുപോകുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യ–-പാകിസ്ഥാൻ മത്സരം കഴിഞ്ഞാൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ്. ടിക്കറ്റുകൾ എല്ലാം വിറ്റുപോയി. സ്റ്റേഡിയം നിറയും എന്നാണ് വിലയിരുത്തൽ.
ലോക ക്രിക്കറ്റിലെ അതിശക്തർ തമ്മിലാണ് പോര്. പണത്തിലും പ്രതാപത്തിലും പാരമ്പര്യത്തിലും മുന്നിൽ. ഓസീസിന് അഞ്ച് ലോകകപ്പുണ്ട്. ഇന്ത്യക്ക് രണ്ട്. ഏകദിന ക്രിക്കറ്റിലെ ഒന്നാംറാങ്കുകാരാണ് ഇന്ത്യ. കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഏതൊരു ഐസിസി ടൂർണമെന്റിലും കപ്പടിക്കാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഇന്ത്യയായിരിക്കും ഒന്നാമത്. പക്ഷെ അപൂർണമായി ആ യാത്ര അവസാനിക്കും. ഇക്കുറി സമ്മർദത്തിന്റെ തീച്ചൂളയിലാണ് ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും. ഓസീസ് ആദ്യമായി ലോകകപ്പ് നേടുന്നത് ഇന്ത്യൻ മണ്ണിലാണ്. അതിനുശേഷം നാലുതവണ ജേതാക്കളായി. ഏത് സാഹചര്യവുമായി പൊരുത്തപ്പെടാൻ കെൽപ്പുള്ള കളിക്കാരാണ് അവരുടെ ശക്തി.
ചിദംബരം സ്റ്റേഡിയം സ്പിന്നർമാരുടെ വേദിയാണ്. ഇന്ത്യ കുൽദീപ് യാദവ്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ ഒരുമിച്ചിറക്കും. പേസ് നിരയും മൂവർ സംഘം ആയിരിക്കും. പനി പിടിച്ചതിനാൽ ശുഭ്മാൻ ഗിൽ ഉറപ്പില്ല. എങ്കിൽ ഇഷാൻ കിഷൻ ആയിരിക്കും ഓപ്പണർ. ഓസീസ് ഓൾ റൗണ്ടർ മാർകസ് സ്റ്റോയിനിസിന്റെ കാര്യത്തിൽ ഉറപ്പുപറയുന്നില്ല. കളിച്ചില്ലെങ്കിൽ കാമറൂൺ ഗ്രീൻ ഇറങ്ങും. ഗ്ലെൻ മാക്സ്വെൽ ബാറ്റിലും പന്തിലും നിർണായകമാകും. മിച്ചൽ മാർഷാണ് മറ്റൊരു പ്രധാന താരം. സ്പിൻ വിഭാഗം ആദം സാമ്പയുടെ കൈയിലാണ്.
‘പരിചയസമ്പത്ത് തുണയ്–ക്കും’
ഇന്ത്യയിൽ കളിച്ചതിന്റെ അനുഭവം മുതൽക്കൂട്ടാണെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ‘കഴിഞ്ഞ 10 വർഷത്തിനിടെ നാട്ടിലേതിനേക്കാൾ കൂടുതൽ മത്സരത്തിന് ഇറങ്ങിയത് ഇന്ത്യയിലാണ്. അതിന്റെ ഗുണം കിട്ടും. ഇന്ത്യൻ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഐപിഎൽ സഹായിച്ചു’–കമ്മിൻസ് പറഞ്ഞു.
രോഹിത് ശർമയാണ് ഞങ്ങളുടെ വെല്ലുവിളി. പുറത്താക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കളിക്കാരൻ. എങ്കിലും പൂട്ടാൻ ഞങ്ങൾക്ക് പദ്ധതികളുണ്ട്. ഇന്ത്യയിലെ കാണികൾക്ക് ക്രിക്കറ്റ് അത്രമേൽ ആവേശമാണ്. അതിന്റെ പ്രതിഫലനം മൈതാനത്ത് കാണാം. അവരുടെ പിന്തുണ മുഴുവനും ഇന്ത്യക്കായിരിക്കും. അതെല്ലാം മറികടന്ന് മുന്നേറാമെന്ന പ്രതീക്ഷയുണ്ടെന്നും ഓസീസ് ക്യാപ്റ്റൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ സാധ്യതാ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസീസ് സാധ്യതാ ടീം
ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർണസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ/മാർകസ് സ്റ്റോയിനിസ്,അലക്സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്, ആദം സാമ്പ, ജോഷ് ഹാസെൽവുഡ്.