കൊച്ചി> ഹൈക്കോടതി ജഡ്ജിയുടെ വ്യാജ ഉത്തരവ് ചമച്ചെന്ന പരാതിയിൽ അഭിഭാഷകയ്ക്ക് എതിരെ കേസ്. ഹൈക്കോടതി അഭിഭാഷക പാർവതി എസ് കൃഷ്ണയ്ക്ക് എതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. പാലാരിവട്ടം സ്വദേശി പി ജെ ജൂഡ്സണാണ് പരാതി നൽകിയത്.
നിലമായിരുന്ന ഭൂമി പുരയിടമാക്കി തരംമാറ്റിയെന്ന ഹൈക്കോടതി ഉത്തരവും തരംമാറ്റൽ നടപടി നടക്കുന്നതായി ആർഡിഒ ഓഫീസിൽനിന്നുള്ള കത്തുമാണ് വ്യാജമായി തയ്യാറാക്കി യത്. 75,000 രൂപ ഫീസ് നൽകിയാൽ ജൂഡ്സണിന്റെ പാലാരിവട്ടത്തെ 11.300 സെന്റ് നിലം തണ്ണീർത്തടസംരക്ഷണ നിയമപ്രകാരം പുരയിടമാക്കി നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വക്കാലത്തും ഒപ്പിടുവിച്ചു. 40,000 രൂപയും കൈവശപ്പെടുത്തി. തുടർന്ന് ജൂഡ്സണെ കബളിപ്പിക്കാൻ വ്യാജമായി തയ്യാറാക്കിയ, ആർഡിഒ ഒപ്പിട്ട കത്തുകളും നോട്ടീസുകളും ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവും കാണിച്ചു. ഉത്തരവിന്റെ പകർപ്പുമായി ആർഡിഒ ഓഫീസിൽ എത്തിയപ്പോഴാണ് വ്യാജമാണെന്ന് മനസിലായത്. തുടർന്ന് പരാതി നൽകുകയായിരുന്നു.