കൊച്ചി> ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഖിലേന്ത്യാ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡയുടെ പ്രഖ്യാപനത്തെ ജനതാദൾ എസ് കേരളഘടകം തള്ളി. ഇടതുപക്ഷ മതനിരപേക്ഷ കക്ഷികളുമായി നാലുപതിറ്റാണ്ടായി തുടരുന്ന ബന്ധം തുടരും. കേരളത്തിൽ എൽഡിഎഫിൽ ഉറച്ചുനിൽക്കും. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും സംസ്ഥാനത്തുനിന്നുള്ള ദേശീയ ഭാരവാഹികളും ഉൾപ്പെട്ട നിർവാഹകസമിതിയുടേതാണ് നിർണായക തീരുമാനം. മറ്റ് സംസ്ഥാന ഘടകങ്ങളുമായി ആലോചിച്ച് തുടർനടപടികൾക്കായി സംസ്ഥാന ഭാരവാഹികളെ ചുമതലപ്പെടുത്തിയതായും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിവിരുദ്ധ, കോൺഗ്രസ് ഇതര കക്ഷികളുടെ ഐക്യമാണ് പാർടിയുടെ രാഷ്ട്രീയനിലപാട്. ഒരു വേദിയിലും ചർച്ച ചെയ്യാതെ ബിജെപി സഖ്യമുണ്ടാക്കുമെന്ന ദേവഗൗഡയുടെ പ്രഖ്യാപനം പാർടിവിരുദ്ധമാണ്. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാകില്ല. ബിജെപിവിരുദ്ധ, കോൺഗ്രസ് ഇതര കക്ഷികളുടെ യോജിപ്പിലൂടെ ജനാധിപത്യ–-മതനിരപേക്ഷ–-സോഷ്യലിസ്റ്റ് സമൂഹമായി രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ യത്നിക്കണമെന്നുമാണ് 2022 ഒക്ടോബറിൽ ബംഗളൂരുവിൽ ചേർന്ന പാർടി ദേശീയ സമ്പൂർണ സമ്മേളനം അംഗീകരിച്ച പ്രമേയം. ഈ നയത്തെ അടിസ്ഥാനമാക്കിയാണ് 2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചത്. തെരഞ്ഞെടുപ്പിനുശേഷം ചേർന്ന ദേശീയ നിർവാഹകസമിതിയും പാർടിനയത്തിൽ മാറ്റമുണ്ടാകില്ലെന്ന് തീരുമാനിച്ചതാണെന്നും- മാത്യു ടി തോമസ് പറഞ്ഞു.
മന്ത്രി കെ കൃഷ്ണൻകുട്ടി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി എ നീലലോഹിതദാസ്, അഖിലേന്ത്യാ സെക്രട്ടറി ജോസ് തെറ്റയിൽ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി കെ നാണു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാബു ജോർജ്, കെ എസ് പ്രദീപ്കുമാർ, പി ടി ദിവാകരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.